ചരിത്രത്തിന്റെ ഒരു കഥപറച്ചിലാണ് മുച്ചിരിപ്പട്ടണം. ചരിത്രം എന്ന ആരൊക്കെയോ ചേർന്ന് എഴുതിയ കഥ, പുതിയ, അല്ലെങ്കിൽ നമുക്ക് അറിഞ്ഞുകൂടാത്ത ഒരു കഥ നമ്മളോട് പറയുന്നു.
സത്യമാണോ മിഥ്യയാണോയെന്ന് വായനക്കാരെ സംശയത്തിലാകുന്ന ചരിത്രം. കഥക്കുള്ളിലെ കഥയുമായി ഒരു തരത്തിലുമുള്ള ചേർച്ചക്കുറവും ഉണ്ടാകാതെ കഥ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഭാവനയുള്ള ഒരു എഴുത്തുകാരനാണ് ഈ നോവൽ എഴുതിയതെന്ന് വായനക്കാരന് മനസ്സിലാക്കാൻ അധികസമയം വേണ്ടിവരില്ല.
മുച്ചിരിപ്പട്ടണം വായിച്ചു തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചത് ഈ നോവൽ വാസ്കോ ഡ ഗാമയുടെ അധികം ശ്രദ്ധിക്കപ്പെടാത്ത യാത്രകളെക്കുറിച്ചായിരിക്കുമെന്നാണ്. പക്ഷേ, പ്രതീക്ഷകൾക്കപ്പുറം ഈ നോവൽ വാസ്കോ ഡ ഗാമയെപറ്റിയല്ല, റോമൻ സാമ്രാജ്യത്തിന്റെ നഷ്ടപ്പെട്ട നിധിയെ കുറിച്ചാണെന്ന് ഞാൻ മനസ്സിലാക്കി.
ഏകദേശം ഇരുന്നൂറ്റി അറുപത് പേജ് വരുന്ന ഈ നോവൽ തലമുറകളുടെ കഥയാണ് പറയുന്നത് - അത് ബി സി 36ൽ തുടങ്ങി എ ഡി 2064ൽ അവസാനിക്കുന്നു. ചില നോവലുകൾ വായിച്ചു തീരുമ്പോൾ ആഗ്രഹിക്കാറില്ലേ, അതിന്റെ അടുത്ത ഭാഗംകൂടി പ്രസിദീകരിച്ചിരുന്നെങ്കിലെന്ന്. എനിക്കും അങ്ങനെയാണ് തോന്നിയത്. വിശ്വാസമായില്ലെങ്കിൽ, വായിച്ചു നോക്കു. ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി അവസാനിക്കുന്ന ഒരു ഭ്രാന്തമായ നോവലാണിത്. ഈ നോവലിലെ കഥാപാത്രങ്ങൾക്കും ഭ്രാന്താണ്. ഓരോ കഥാപാത്രത്തിനും ഓരോ ഭ്രാന്താണ് - ചിലർക്ക് പണത്തിനോട് ഭ്രാന്ത്, ചിലർക്ക് കാമത്തോട് ഭ്രാന്ത്, ചിലർക്ക് പ്രതികാരാഗ്നിയാൽ ഭ്രാന്ത്, ചിലർക്ക് അവരുടെ അധികാരം സമ്മാനിച്ച ഭ്രാന്ത്, ചിലർക്ക് ഏകാന്തതയാൽ ഭ്രാന്ത് - അങ്ങനെ നീണ്ടുപോകുന്നു ഭ്രാന്തിന്റെ കാരണങ്ങൾ.
നോവലിന്റെ ഇതിവൃത്തത്തെക്കുറിച്ചു പറയുകയാണെകിൽ, അത് എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്നു, പല കാലഘട്ടങ്ങളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചാടി ചാടി സഞ്ചരിക്കുന്നു - അതായത് വൈരുദ്ധ്യം വരാൻ സാധ്യതയുണ്ട്. പക്ഷേ, സത്യത്തിൽ അങ്ങനെ ഒരു വൈരുദ്ധ്യം ഈ നോവലിൽ എവിടെയെങ്കിലും അനുഭവപ്പെട്ടോ? ഇല്ലെന്ന് ഉറപ്പിച്ചു പറയാം. കാരണം, ഞാൻ ഈ നോവൽ ഒരു വട്ടമല്ല, തുടർച്ചയായി രണ്ടുവട്ടം വായിച്ചു. ഈ നോവൽ ദുരിതങ്ങളാൽ നിറഞ്ഞിരിക്കുന്നു. സമാധാനം എന്നൊരവസ്ഥ ഈ നോവലിലെ ഒരു കഥാപാത്രംപോലും അനുഭവിക്കുന്നില്ല. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ മരണത്തെ പ്രതീക്ഷിച്ചു വിശ്രമിക്കുന്നവർ പോലും സമാധാനം എന്തെന്നറിയുന്നില്ല.
ഈ നോവലിൽ കുറ്റമറ്റ ഒരു കഥാപാത്രംപോലുമില്ല. എല്ലാം തികഞ്ഞ മനുഷ്യൻ എന്ന് ഏതൊരു വായനക്കാരനും തോന്നിയേക്കാവുന്ന അദ്രപതിപോലും തന്റെ ചിന്തകൾക്കും മോഹങ്ങൾക്കും വഴങ്ങുമ്പോൾ, കുറ്റമറ്റ കഥാപാത്രങ്ങൾക്കുള്ള നമ്മുടെ അന്വേഷണം അവസാനിക്കുകയാണ് ചെയുന്നത്.
ഈ നോവലിന്റെ മറ്റൊരു പ്രത്യേകത എന്ന് പറയാവുന്നത്, ഇത് കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ തന്നെയാണ്. അത്യാഗ്രഹം മുതൽ അടിമത്വം വരെ ചൂണ്ടിക്കാണിക്കുന്ന ഈ നോവൽ വായനക്കാരിൽ യാതനയുണ്ടാക്കുന്നു. ഓരോ വിഷയങ്ങളെ സമീപ്പിക്കുമ്പോഴും അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥ നമുക്ക് കാണിച്ചു തരാൻ എഴുത്തുകാരൻ ശ്രമിക്കുന്നു - അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്യുന്നു.
സൽമാൻ റഷ്ദിയുടെ പുസ്തകങ്ങൾ ഓർമിപ്പിക്കുംവിധമായിരുന്നു ഈ നോവലിന്റെ ക്രമീകരണം. അത് ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതാകാം. പക്ഷേ ഈ നോവൽ വളരെ ആകർഷകവും മനുഷ്യന്റെ മനസ്സിനെ പിടിച്ചുലക്കാൻ, ഒന്ന് സംശയത്തിൽ നീന്താൻ നാം വായനക്കാരെ ക്ഷണിക്കാൻ മടിക്കാത്തതുമാണ്. കഥയുടെ ബാക്കി എന്തെന്നറിയാനുള്ള ആകാംക്ഷ മാത്രം ബാക്കി നിർത്തിയാണ് ഈ നോവൽ അവസാനിക്കുന്നത്. ആ കഥയുടെ ബാക്കി എന്നെങ്കിലും അറിയാൻ സാധിക്കും എന്നുള്ള പ്രതീക്ഷയിലാണ് ഞാൻ വായിച്ചുനിർത്തിയതും.
Comments