
മനോജിന്റെ ‘ചിതയൊരുക്കം’ എന്ന പുസ്തകം ഒരു ചോദ്യമാണ്. നാം എങ്ങനെയുള്ള ജീവിതമാണ് നയിക്കുന്നത് എന്നുള്ള ചോദ്യം.
‘ചിതയൊരുക്കം’ ഒരു അന്വേഷണമാണ്. കഥാപാത്രങ്ങൾ മറ്റുള്ളവരെ അന്വേഷിക്കുന്നു. ചിലർ സ്വയം തിരയുന്നു. വായനക്കാരായ നമ്മൾ ‘സ്വത്വം’ തിരയുന്നു. ഇനി എഴുത്തുകാരൻ എന്താണ് തിരയുന്നത്?
സ്വത്വം ഇല്ലാത്ത ഒരു കഥാപാത്രമാണ് ശ്രീഭദ്രൻ. നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ് എവിടെയോ നഷ്ടപെട്ട ഒരു മനുഷ്യൻ. ആ മനുഷ്യന്റെ മരണമാണ് ഒരു സായാഹ്നപത്രത്തിലെ സബ് എഡിറ്റർ ആയ ആഖ്യാതാവിനെ ഒരു നോവൽ എഴുതാൻ പ്രേരിപ്പിക്കുന്നത്. ശ്രീഭദ്രൻ കുടുംബവും കൂട്ടുകാരുമുണ്ടായിട്ടും ഒറ്റപ്പെട്ടുപോയ മനുഷ്യനാണ്. അതിനു മുഖ്യ കാരണം അയാളുടെ പ്രവർത്തികളും ദുർവാശിയുമാണ്. തന്റെ അച്ഛനെ തള്ളിപ്പറയുകയും രണ്ടാനമ്മയെ വെറുക്കുകയും സഹോദരങ്ങളെ ഉപേക്ഷിക്കുകയും ദുഃഖത്തിൽ കൂടെ നിന്നവരെ തിരിഞ്ഞു കൊത്തുകയും ചെയ്ത വ്യക്‌തിയാണ് ശ്രീഭദ്രൻ. തന്റെ അമ്മയുടെ മരണമാണ് ശ്രീഭദ്രനെ ഇങ്ങനെയൊരു വ്യക്തിയാകി മാറ്റിയതെന്ന് നോവലിൽനിന്നു വ്യക്തമാണ്. കാഥികന്റെ അന്വേഷണങ്ങൾ മനസ്സിലാക്കി തരുന്നതും അത് തന്നെയാണ്. അദ്ദേഹത്തിന്റെ അന്വേഷണം ചെറുപ്പകാലത്തിലെ കൂട്ടുകാരിൽ തുടങ്ങി തന്നിൽവന്നവസാനിക്കുമ്പോഴും, ശ്രീഭദ്രനോട് അനുകമ്പ തോന്നാനായി പറയുന്ന ഒരു ന്യായീകരണം മാത്രമായി ഒതുങ്ങുകയാണ് അമ്മയുടെ മരണം. ചിലരുടെ മരണം പലർക്കും പല രീതിയിലുള്ള വേദനകളായിരിക്കും സമ്മാനിക്കുക. വേർപാടിന്റെ വേദന ഉണരുന്നത് തന്നെ ഓർമകളിൽനിന്നാണ്. ചിലർ ആ ഓർമകളിൽ ഒതുങ്ങിക്കൂടും. ചിലർ അതിനെ കൂടെക്കൂട്ടി മുന്നോട്ടു ചലിക്കും. പക്ഷെ ചിലർ ആ ഓർമകളെ മറ്റുള്ളവരോടുള്ള വെറുപ്പായി പ്രകടിപ്പിക്കുന്നു. ശ്രീഭദ്രൻ വെറുപ്പാണ് സ്വീകരിച്ചത്. പക്ഷെ, എന്തൊക്കെ കാരണങ്ങൾ നിരത്തിയാലും ശ്രീഭദ്രന്റെ ചില പ്രവർത്തികളെ ന്യായീകരിക്കാൻ സാധിക്കില്ല. മറ്റുള്ളവർ കാരണം വേദനയനുഭവിക്കുമ്പോൾ, അയാൾ അറിഞ്ഞിരുന്നുവോ താൻ കാരണം മറ്റു ചിലർ വേദനിക്കപ്പെടുകയാണെന്ന്? അറിഞ്ഞിരിക്കില്ല, കാൻസർ തന്നെ ചങ്ങലയിൽ ബന്ധിച്ചിരിക്കുന്നു എന്ന് അറിയുന്നതുവരെ. ഒരിക്കലും എനിക്ക് ഇഷ്ടപ്പെടാൻ കഴിയാത്ത ഒരു കഥാപാത്രമാണ് ശ്രീഭദ്രൻ. സഹതാപം തോന്നുന്നതും ഇഷ്ടം തോന്നുന്നതും വ്യത്യസ്തമാണല്ലോ.
‘ചിതയൊരുക്ക’ത്തിലെ കഥാപാത്രങ്ങളിൽ പലർക്കും ശ്രീഭദ്രൻ സഹായം ചെയ്തിട്ടുണ്ടെങ്കിലും, അത് തിരിച്ചു ലഭിച്ചിട്ടില്ല. പക്ഷെ, ആരെയാണോ തള്ളിക്കളഞ്ഞത് അവർ താങ്ങും തണലുമായി മാറുന്ന അവസ്ഥയുമുണ്ടായി. ഈ നോവലിലെ കഥാപാത്രങ്ങൾ അങ്ങനെയാണ്. അപ്രതീക്ഷിതമായ പ്രവർത്തികളാണ് അവർ കാഴ്ചവെക്കുന്നത്. കാഥികൻ ഒരുപാടുതവണ ആവർത്തിക്കുന്ന ഒരു കാര്യമാണ്, താൻ ശ്രീഭദ്രനിൽനിന്ന് ഒന്നും പ്രതീക്ഷിച്ചല്ല അയാളെ സഹായിക്കുന്നതെന്ന്. അത് വിശ്വസിക്കാമോ? വായനക്കാരായ നമ്മൾ എന്തിനു വെറുമൊരു കാഥികനെ വിശ്വസിക്കണം? നമ്മളോട് പറയാത്ത എന്തെങ്കിലും രഹസ്യം ആ നന്മയുടെ പിന്നിലുണ്ടാകില്ലേ?! അത് ഒരു പത്രപ്രവർത്തകന്റെ ജിജ്ഞാസയിൽ തുടങ്ങി, തന്റെ വ്യക്തിത്വം അനുകരിക്കാൻ ശ്രമിച്ച അനുയായിയോടുള്ള താത്പര്യത്തിൽപോയി നിൽക്കുന്നു. തന്നെ ആശ്രയിച്ചിരുന്ന അനുയായിയെ നഷ്ടപെടുമെന്നുള്ള ചിന്തയായിരിക്കണമല്ലോ അയാളുടെ നീക്കങ്ങൾ അന്വേഷിക്കാൻ ആഖ്യാതാവിനെ പ്രേരിപ്പിച്ചത്. ചിലപ്പോൾ മറ്റുള്ളവരെ ഗൗനിക്കാതെ പത്രവാർത്ത പ്രസിദ്ധീകരിച്ചതിന് ജോലി നഷ്ടപെട്ട തന്നെ ആദരിക്കുന്ന ഒരു മനുഷ്യനെ കണ്ടപ്പോൾ അദ്ദേഹത്തിന്ന് ആത്മപ്രീതി ലഭിച്ചിരിക്കാം. ആ കടപ്പാടായിരിക്കണം അദ്ദേഹത്തിന്റെ പ്രവർത്തികളെ സ്വാധീനിച്ചത്.
എഴുത്തുകാരൻ ഈ നോവലിലെ എല്ലാ കഥാപാത്രങ്ങളുടെയും ഭൂതകാലത്തെ ചെറുതായെങ്കിലും ചർച്ച ചെയ്യുന്നുണ്ട്. അത് അവരുടെ സ്വഭാവത്തെ വിലയിരുത്താൻ വായനക്കാരെ വളരെയധികം സഹായിക്കുന്നുണ്ട്.
ഈ നോവലിന്റെ കഥയെപ്പറ്റി കൂടുതൽ പറയണമെങ്കിൽ ആഖ്യാതാവിനെ ഒരു പക്ഷിയായും ശ്രീഭദ്രനെ ഒരു പുഴയായും സങ്കൽപ്പിക്കണം. പുഴ മലിനമായതറിഞ്ഞ പക്ഷി, അത് വറ്റിവരണ്ടപ്പോൾ അതിന്റെ കാരണങ്ങൾ തേടി മലയും കുന്നും കാടുമൊക്കെ കടന്നു അന്വേഷിച്ചു. എന്നിട്ട് എന്ത് സംഭവിച്ചു? കാരണം കണ്ടുപിടിച്ചെങ്കിലും നാമാവശേഷമായ പുഴയെ തിരികെ കൊണ്ടുവരാൻ ആ പക്ഷിക്ക് സാധിച്ചില്ല. അതവന് വളരെയധികം വേദന നൽകി. ആ പുഴയും കാടും മറ്റു തടസ്സങ്ങളും കടന്നുവന്ന് എവിടെയോ അവസാനിച്ചതുപോലെയാണ് ഈ നോവലും സഞ്ചരിച്ചത്. പല കഥകൾ പറഞ്ഞു- അവസാനിക്കരുത് എന്ന് വിചാരിച്ചിട്ടും പ്രാർത്ഥിച്ചിട്ടും ഫലം കാണാതെ അവസാനിച്ചു. അതിനേക്കാളൊക്കെ ഏറെ പ്രശംസ ലഭിക്കേണ്ടത് തടസ്സങ്ങളൊക്കെ തള്ളി നീക്കി ഈ പുഴയെ ഒഴുകാൻ അനുവദിച്ച എഴുത്തുകാരന്റെ കൈയ്യിലെ ശക്തിയാണ്- ആരെയും നിർത്താതെ വായിക്കാൻ പ്രേരിപ്പിക്കുന്ന ശൈലി. ഇനി എന്ത് എന്ന് വായനക്കാരനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ശൈലി. ഉറക്കമില്ലേലും സാരമില്ല, ആ കഥാപാത്രത്തിന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ജിജ്ഞാസ ഉണർത്തുന്ന ശൈലി.
ഈ നോവലിലെ ചിത്രങ്ങളെ പ്രശംസിക്കാതെ എഴുതി അവസാനിപ്പിക്കാൻ സാധിക്കില്ല- എത്ര മനോഹരം! ആ ചിത്രങ്ങളിൽത്തന്നെ തട്ടി തണ്ടഞ്ഞു നിന്നുപോയി. എന്റെ കണ്ണുകൾ വാക്കുകളിൽനിന്നു മാറിയെങ്കിൽ അത് ആ ചിത്രം കാണാൻവേണ്ടി മാത്രമായിരുന്നു.
ഏതൊരു വായനക്കാരനും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട നോവലാണ് ചിതയൊരുക്കം. എന്റെ ഹൃദയത്തെ ചോദ്യങ്ങൾകൊണ്ട് വലയംതീർത്ത പുസ്തകം.
Komentari