കൊച്ചച്ഛൻ ഒരു ബീഡികുറ്റിയിൽ തുടങ്ങി മറ്റൊരു ബീഡികുറ്റിയിൽ അവസാനിക്കുന്നു. എന്താണെന്ന് മനസ്സിലായില്ലല്ലേ!
അത് വായനക്കാരനും കൊച്ചച്ഛനും തമ്മിലുള്ള രഹസ്യമാണ്.
ഈ നോവൽ വായിക്കുമ്പോൾ നിങ്ങളും ആ രഹസ്യത്തിന്റെ ഭാഗമാകും.
ഒന്ന് ആലോചിച്ചാൽ, കൊച്ചച്ഛൻ എന്ന നോവലിന്റെ കഥാഗതി വളരെ ലളിതമാണ്. വീട്ടുകാരും നാട്ടുകാരും വെറുത്ത കഥാനായകൻ നാടുവിട്ട് പോകുന്നു, വർഷങ്ങൾക് ശേഷം തിരിച്ചുവന്നു എല്ലാവരുടെയും കണ്ണിലുണ്ണി ആകുന്നു - പക്ഷേ അതിനു മുന്നോടിയായി തന്റെ ചോരയൊഴുക്കേണ്ടി വരുന്നു. ലളിതമെന്നു തോന്നുന്ന ഈ ആശയത്തെ ഒരു വികാരങ്ങളുടെ തടവറയായ നോവലാക്കി മാറ്റിയ എഴുത്തുകാരൻ അശോക് വിക്രമനാണ് യഥാർത്ഥത്തിൽ നായകൻ.
ഈ നോവൽ വികാരങ്ങളുടെ ഒരു മൈതാനമാണ്; നാം അവിടെയുള്ള കാണികളും. വെറുപ്പിൽ തുടങ്ങി സ്നേഹവും, വിരഹവും ഒറ്റപെടലുമെല്ലാം അവിടെ ഒന്നിച്ചു കളിക്കുന്നു. ഇതെല്ലാം കണ്ട നമ്മളും വികാരഭരിതരാകുന്നു. ചിലപ്പോഴൊക്കെ എതോ ഒരു സിനിമ കാണുന്ന ഒരു പ്രതീതി നമുക്ക് അനുഭപ്പെട്ടേക്കാം. ഒരു വ്യത്യാസം എന്തെന്നാൽ കഥ പറയുന്നത് കഥാനായകന്റെ കണ്ണിലൂടെയല്ല എന്ന് മാത്രം.
ശത്രുക്കൾ കരവുറ്റ മിത്രങ്ങളാകുന്നതെങ്ങനെ എന്ന് തെളിയിക്കുന്ന ഈ നോവൽ, ചില ശത്രുത തലമുറകൾ പിന്നിട്ട് സഞ്ചരിക്കുന്നു എന്നും നമ്മളെ ഓർമപ്പെടുത്തുന്നു. നിറം എന്നും ഒരു ചോദ്യചിഹ്നവും; ജാതി എന്ന് ചോദ്യംചെയ്യപ്പെടുകയും ചെയ്യുമെന്നും ഈ നോവൽ വരച്ചു കാണിക്കുന്നു.
സദാനന്ദൻ എന്ന കഥാനായകൻ ശക്തനാണ്- ആരെയും കായികപരമായി നേരിടാനുള്ള ശക്തി അയാൾക്കുണ്ട്. പക്ഷേ ഒറ്റപ്പെടലിന്റെ വേദനക്ക് എന്ത് മരുന്നാണുള്ളത്? ഈ നോവൽ ഏറ്റവും കൂടുതൽ നിരീക്ഷിക്കുന്നത് ഒറ്റപ്പെടൽ എന്ന ആശയമാണ്. ഒറ്റപ്പെടൽ അതിന്റെ ഏറ്റവും സങ്കടകരമായ അവസ്ഥയിൽ വരച്ചുകാണിക്കാനും എഴുത്തുകാരന് സാധിച്ചു. ജന്മംകൊണ്ട് ശത്രുക്കളെ നേടിയ സദാനന്ദന്റെ ജീവിതം ഒറ്റപെടൽകൊണ്ട് നിറഞ്ഞതായിരുന്നു. ചുറ്റും മനുഷ്യർ നിറഞ്ഞിരുന്നെങ്കിലും മാനസികമായി അയാൾ ഒറ്റയ്ക്കായിരുന്നു. എന്നാൽ തന്നെ അകറ്റിനിർത്തിയവരുടെ പരിത്രാണത്തിനുവരെ അയാൾ തന്നെ കാരണമായി.
ഈ നോവലിൽ സദാനന്ദന്റെ കഥ മാത്രമല്ല പറയുന്നത്- അയാളെ ചുറ്റിപറ്റി നിൽക്കുന്ന എല്ലാരുടെയും കഥകൾ ചർച്ച ചെയ്യപ്പെടുന്നു. ഒരു കഥാനായകന്റെ പൂർണവളർച്ചയ്ക്ക് സഹായിയാകേണ്ട കഥാപാത്രങ്ങൾപോലും നമ്മുടെ മനസ്സിനെപിടിച്ചുലക്കുന്നു- അത് മൊരിയൻ മാഷായാലും ഉഷ ഏട്ടത്തിയായാലും. സദാനന്ദൻ എന്ന കഥാപാത്രത്തോട് നമുക്ക് തോന്നുന്നത് സഹതാപമാണെങ്കിൽ ഉഷയോടു നമുക്ക് തോന്നുക അതിരില്ലാത്ത ആരാധനയാണ്.
കൊച്ചച്ഛൻ എന്ന നോവൽ കണ്ടുമറന്ന ഒരു സിനിമ പോലെയാണ്- ഓർമയിലെവിടെയോ ഉണ്ട്, അടുത്ത് എന്ത് സംഭവിക്കുമെന്നും ഊഹിക്കാം, പക്ഷേ ആ വികാരങ്ങൾ പുതുമയുള്ളതാണ്.
നിങ്ങൾ കൊച്ചച്ഛൻ വായിച്ചോ?
ഇല്ല
വായിച്ചു
വായിക്കണം
Comments