
മഴ വളരെ ശക്തമായി പെയ്യുകയായിരുന്നു. വീടിനു പിന്നിലൂടെ പുഴ നിറഞ്ഞൊഴുകുകയായിരുന്നു. അമ്മ അടുക്കളയിൽ ദോശ ചുടുകയായിരുന്നു.
പെട്ടെന്ന് അപ്പു ഓടി അമ്മയുടെ അടുത്തെത്തി ചോദിച്ചു,
"അമ്മേ, എനിക്ക് വിശക്കുന്നു. കഴിക്കാൻ എന്താ ഉള്ളെ?"
"മോനെ, ഈ മഴ കണ്ടില്ലേ. കറൻറ് ഇല്ലാത്തതുകൊണ്ട് ഇപ്പൊഴാ ഞാൻ ദോശ ചുടാൻ തുടങ്ങിയത്. നീ വരാന്തയിലിരുന്നു കളിക്ക്. കറികൂടി ഉണ്ടാക്കിയിട്ട് ഞാൻ വിളിക്കാം.", അമ്മ പറഞ്ഞു. അപ്പു വരാന്തയിലേക്ക് ഓടി പോയി.
"അപ്പു, നീ എങ്ങോട്ടാ ഈ ഓടുന്നത്? പുഴയ്ക്കരികിൽ പോകരുത് കുട്ടി", മുത്തശ്ശി പറഞ്ഞു.
അപ്പു അതൊന്നും ശ്രദ്ധിക്കാതെ ബോട്ട് ഉണ്ടാക്കാൻ കടലാസുമെടുത്തു ഉമ്മറത്തേക്ക് പോയി.
സ്കൂളിൽ പഠിപ്പിച്ചതുപോലെ അപ്പു ബോട്ട് നിർമിച്ചു.
പക്ഷേ ഉമ്മറത്തു കെട്ടികിടക്കുന്ന വെള്ളത്തിൽ ബോട്ട് ചലിക്കുന്നില്ല എന്ന് കണ്ട അപ്പുവിന് ദേഷ്യം വന്നു. അവൻ ആ കടലാസുബോട്ടുമായി പുഴയ്ക്കരികിലേക്കു പോയി.
പുഴ കവിഞ്ഞു ശക്തിയായി കരയിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. അപ്പു സൂക്ഷിച്ചു തന്റെ കാലുകൾ വെള്ളത്തിലേക്കെടുത്തുവച്ചു. പ്രതീക്ഷിക്കാതെ വെള്ളത്തിന്റെ വേഗത കാരണം അവൻ പുഴയിലേക്ക് വീണു.
"അമ്മേ!..."
അപ്പുവിന്റെ നിലവിളി കേട്ട് അമ്മയും മുത്തശ്ശിയും ഉമ്മറത്തേക്ക് വന്നു. പുഴയോടൊപ്പം അപ്പു ഒഴുകി പോകുന്നതുകണ്ടു അമ്മ നിലവിളിച്ചു. ഈ ബഹളമൊക്കെ കേട്ട് അച്ഛൻ പെട്ടെന്ന് വന്നു. മടിച്ചു നിൽക്കാതെ അച്ഛൻ വെള്ളത്തിലേക്ക് ചാടി.
ആ സമയം ഒരു മരത്തടിയിൽ പിടിച്ചു കിടക്കുകയായിരുന്ന അപ്പുവിനെ അച്ഛൻ രക്ഷിച്ചു കരയിലേക്കെത്തിച്ചു.
അപ്പോഴേക്കും അവിടെ അയൽക്കാരൊക്കെ ഓടികൂടിയിരുന്നു. പരിക്കൊന്നും പറ്റാത്ത അപ്പുവിനെ കണ്ടപ്പോൾ അവർക്കെല്ലാവർക്കും സമാധാനമായി.
മുത്തശ്ശി പറഞ്ഞത് അനുസരിക്കാത്തൊണ്ടാണ് ഈ ആപത്തുണ്ടായത് എന്ന് മനസ്സിലാക്കിയ അപ്പു
ഇനി ഒരിക്കലും അനുസരണക്കേടു കാണിക്കില്ലെന്നു മനസ്സിൽ ഉറപ്പിച്ചു.
Comments