
എന്റെ ബാല്യകാലത്ത് ചില വീടുകളിലൊക്കെ സിനിമ ഒരു സ്വീകാര്യമായ കാര്യം അല്ലായിരുന്നു. സിനിമ കണ്ടാൽ കുമ്പസാരിക്കുമ്പോൾ പറയണമെന്ന് അപ്പച്ചൻ (അമ്മയുടെ അച്ഛൻ) പറയുമായിരുന്നു. അതുകൊണ്ട് അക്കാലത്തെ എന്റെ എല്ലാ കുമ്പസാരങ്ങളിലും ഒരു പ്രധാന പാപങ്ങളിൽ ഒന്ന് സിനിമ കണ്ടു എന്നതായിരുന്നു. ഒരിക്കൽ ഒരച്ചൻ എന്നോട് ചോദിച്ചു "നീ ഏതു സിനിമായ കണ്ടത്?" ഞാൻ പറഞ്ഞു "കാണാമറയത്ത്" "അതു ഞാനും കണ്ടതാ അതു കാണുന്നതി കുഴപ്പമില്ല ട്ടോ" അതിന് ശേഷം അപ്പച്ചനെ കണ്ടപ്പോൾ പറഞ്ഞു കാണാമറയത്ത് കണ്ടാൽ കുഴപ്പമില്ലെന്നാ അച്ഛൻ പറഞ്ഞത്." "ഇനി നീ ആ അച്ചന്റെ അടുത്തു കുമ്പസാരിക്കേണ്ട എന്നായി അപ്പച്ചൻ. അപ്പച്ചൻ അവിടുത്തെ സ്കൂളിലെ ഹെഡ് മാസ്റ്റർ ആയിരുന്നു. വേദപഠന ക്ലാസ്സിൽ ഈ കാര്യം അപ്പച്ചൻ പറയുകയും അങ്ങനെ എന്റെ കുമ്പസാര രഹസ്യം പരസ്യമാവുകയും ചെയ്തു.
മിക്കവാറും ശനിയാഴ്ചകളിൽ ഞങ്ങൾ വീട്ടിൽ നിന്ന് സിനിമയ്ക്കു പോകുന്ന കാര്യം എല്ലാവർക്കും അറിയാമായിരുന്നു. അതുകൊണ്ട് സിനിമ ഇഷ്ടമുള്ള കസിൻസിന് ശനിയാഴ്ച വീട്ടിൽ വരാൻ വലിയ ഇഷ്ടമായിരുന്നു. ഇങ്ങനെയുള്ള ഒരു പപ്പയുള്ളതിനാൽ ഞങ്ങളോട് അവർക്കെല്ലാം ചെറിയ അസൂയ ഉണ്ടായിരുനെങ്കിലും വീട്ടിൽ ശനിയാഴ്ച വരുന്ന എല്ലാവരെയും കൂട്ടി സിനിമയ്ക്കു പോകുന്ന പപ്പയെ അവർക്കും ഇഷ്ടമായിരുന്നു. അന്ന് ഞങ്ങളുടെ വീട് സിമന്റ് തേച്ചിട്ടില്ലായിരുന്നു. സിനിമ കണ്ടു കളഞ്ഞ പൈസയുണ്ടേൽ പണ്ടേ വീട് കൊട്ടാരമായേനെന്നു അപ്പച്ചൻ പറയുമായിരുന്നു.
പപ്പായുടെ അമ്മയ്ക്ക് (എന്റെ സിനിമാകഥകൾ കേൾക്കാൻ അവധിക്കാലം നോക്കിയിരിയ്ക്കുമായിരുന്നു എന്റെ അമ്മച്ചി) സിനിമാ കാണാനും വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ അമ്മയും അപ്പച്ചനും ശനിയാഴ്ച വീട്ടിൽ ഉണ്ടായിരുന്ന ഒരു ദിവസം ഞങ്ങൾ സിനിമയ്ക്കു പോയി. "അലകടലിനക്കരെ" ആണ് സിനിമ. സിനിമയിൽ കാബെറെ ഡാൻസ് (ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഐറ്റം ഡാൻസ്) ഒക്കെ ഉണ്ടായിരുന്നു. കൂടെയുള്ളത് പ്രായമായ അപ്പച്ചനും അമ്മയും ഒക്കെയല്ലേ, അവർ എന്തു കരുതും. ഇനി സിനിമകൾ കാണാൻ പോയേക്കരുത് എന്നങ്ങാനും പറയുമോ? എനിക്ക് നല്ല ടെൻഷൻ ആയി. മമ്മിയുടെ അപ്പച്ചൻ ആണേൽ പണി കിട്ടിയത് തന്നെ. തിരിച്ചു വീട്ടിൽ എത്തിയിട്ടും ആരും മിണ്ടുന്നില്ല. ചോറുണ്ട് കൊണ്ടിരുന്നപ്പോൾ ഞാൻ അപ്പച്ചനോട് സിനിമ ഇഷ്ടമായോ എന്നു ചോദിച്ചു. എല്ലാവരും ആകാംഷയോടെ അപ്പച്ചനെ നോക്കി. "സിനിമായൊക്കെ കൊള്ളാം ഡാൻസും കൊള്ളാം പക്ഷേ കയ്യിലുള്ള പൈസ മുഴുവൻ ഇതു കണ്ടു കളയരുത്." എല്ലാവർക്കും എന്തൊരാശ്വാസം. ചിലർ അങ്ങനെയാണ് മനസ്സിലുള്ളത് മാനത്തു കാണും.
മുത്തശ്ശിമാർ സാധാരണ കഥ പറഞ്ഞു തരികയാണ് ചെയ്യുന്നത്. പക്ഷേ എന്റെ മുത്തശ്ശിക്ക് വായിക്കാൻ അറിയില്ലായിരുന്നു. മുത്തശ്ശിയുടെ മടിയിൽ തലവെച്ചു ഉറക്കെ വായിച്ച ആ പഴയ പൂമ്പാറ്റ അമർ ചിത്ര കഥാ ദിനങ്ങൾ ഇനി ഒരിക്കലും തിരിച്ചു വരില്ല. മുത്തശ്ശി ലോകത്തുനിന്നും പോയി. ഇപ്പോഴും ഒറ്റയ്ക്കിരുന്നു കഥാ പുസ്തകങ്ങൾ ഉറക്കെ വായിക്കുമ്പോൾ ഓർക്കും, അമ്മച്ചി ചിലപ്പോൾ അടുത്തിരുന്നു ഇത് കേൾക്കുന്നുണ്ടാവും...😢
തോമസ് മാത്യു
ചിത്രം : നമ്മുടെ സ്വന്തം ജോഷി.
(ഓർമ്മകൾ തുടരും -2)
ചെറുപ്പത്തിൽ മുത്തശ്ശനും മുത്തശ്ശിയും കഥകൾ പറഞ്ഞു തന്നിട്ടുണ്ടോ?
ഉണ്ടോന്നോ ഇഷ്ടംപോലെ!
ഇല്ല
ഓർക്കുന്നില്ല
Comments