top of page

കഥാ പുസ്തകങ്ങളും സിനിമയും പിന്നെ ഞാനും ബാല്യകാല സ്മരണകൾ -003

Writer's picture: Thomas MathewThomas Mathew

Updated: Nov 27, 2023


Two boys exchanging conversation about a book

അവധിക്കാലം ഞങ്ങൾക്കെല്ലാം ആഘോഷ കാലം തന്നെ ആയിരുന്നു. ഇന്നത്തെ പോലെ അവധിക്കാല ട്യൂഷൻ ഒന്നും അന്നില്ല. അവധി എന്നാൽ അവധി പിന്നെ അടിപൊളി. ഞങ്ങൾ കുട്ടികളെല്ലാം ആദ്യം അമ്മവീട്ടിലാണെത്തുക. നല്ല അംഗ സംഖ്യയുള്ള കുടുംബമാണ്, ഒന്നിച്ചു കൂടുമ്പോൾ വീട് നിറയെ കുട്ടികൾ. പിന്നെ ഓരോരോ കളികളാണ്. കളിച്ചു മടുക്കുമ്പോൾ കഥാ പുസ്തക വായന. അയൽപക്കത്തിൽ ഉള്ള "തോപ്പിൽ" അന്ന് ധാരാളം ബാലമാസികകൾ ഉണ്ടായിരുന്നു. അവിടെപോയി മൂന്നോ നാലോ ബാലരമയും പൂമ്പാറ്റയും എടുക്കും. വൈകുന്നേരം തിരിച്ചു കൊടുക്കണം. അല്ലെങ്കിൽ തോപ്പിൽ ജോപ്പൻ വീട്ടിൽ വരും. തനി തെമ്മാടിയാണ് ജോപ്പൻ. കണ്ടാൽ തന്നെ പേടി തോന്നും. ബാങ്കിൽ റിക്കവറി ഏജൻറ് ആയിരുന്നു ജോപ്പൻ. അതുകൊണ്ട് ഇന്നും അവിടുത്തെ ചിത്രകഥകളും മാസികകളും നഷ്ടപ്പെട്ടിട്ട് ഉണ്ടാവില്ല എന്നു ഞാൻ വിചാരിക്കുന്നു. ചുവന്ന ഉണ്ട കണ്ണും കൊമ്പൻ മീശയുമുള്ള ജോപ്പൻ ചാരുകസേരയിൽ കിടന്ന് പൂമ്പാറ്റ വായിച്ചു പൊട്ടി ചിരിക്കുന്നത് കേട്ടാൽ നമുക്ക് പേടിയായി പോകും.


അമ്മാവന്മാർ ആണ് ഹീറോസ്‌- ഞങ്ങൾ കുട്ടികളുടെ സ്നേഹം കിട്ടാൻ അവർ പരസ്പരം മത്സരമാണ്. ഓലപിപ്പിയും ഓലപന്തും ഓലവണ്ടിയും കാറ്റടിയും കണ്ണടയും എന്തൊക്കെ എന്തൊക്കെ കളി സാധങ്ങൾ അവർ ഉണ്ടാക്കി തരും. പകരം ആരെയാണേറ്റവും ഇഷ്ട്ടം എന്നു ചോദിക്കുമ്പോൾ അവസാനം കളിക്കോപ്പുണ്ടാക്കി തന്ന മാമനെ എന്നു പറയും. മുതിർന്നവർക്കും സന്തോഷമാണ് ഞങ്ങളുടെ കുസൃതികൾ. അന്നത്തെ ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ചെറുത് എന്റെ ഒരു കസിൻ. ഞങ്ങളുടെ ഓമനക്കുട്ടൻ. അവന് കഥ കേൾക്കാൻ വലിയ ഇഷ്ടമാണ്. വർഷങ്ങൾ കഴിഞ്ഞു അവൻ ഒരു പള്ളിയിലച്ചനായി. "എന്നാലും നീ പള്ളിയിലച്ചനാകുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല കുട്ടാ" "മനുഷ്യരെ വെറുതെ ചെറുപ്പത്തിൽ ഒള്ള പ്രേത കഥയൊക്കെ പറഞ്ഞു പേടിപ്പിച്ചിട്ടിപ്പോൾ അങ്ങനെ പറഞ്ഞാൽ മതി. ചേട്ടായി പറഞ്ഞ കഥയൊക്കെ കേട്ടു പേടിച്ചിട്ടാ ഞാൻ അച്ചനായേക്കാം എന്ന് തീരുമാനിച്ചത്"


ജയന്റെ ഒരു കട്ട ആരാധകനായിരുന്നു സ്കൂൾ ടൈമിൽ ഞാൻ. ജയൻ പൊതുവേ സാഹസികനായിരുന്നു. എന്റെ കഥ പറച്ചിലുകളിലൂടെ ജയന്റെ കഥകൾ കേട്ടവർക്കു ജയൻ ഒരു അതി സാഹസികനായിരുന്നു. മുതലയുമായും (തച്ചോളി അമ്പു), സിംഹവുമായും (മാമാങ്കം), പാമ്പുകളുമായും ഒക്കെ ജയൻ ഗുസ്തി പിടിച്ചു. എവിടെ സ്വർണം ഒളിപ്പിച്ചു വെച്ചാലും ബാലൻ കെ നായർ പറഞ്ഞാൽ ജയൻ തട്ടിക്കൊണ്ടു വരും, അപ്പോളായിരിക്കും പോലീസ് ആയി നസീർ ജയന്റെ പിന്നാലെ കൂടുന്നത്. ഒടുവിൽ നസീറിനെ കൊല്ലാൻ ബാലൻ കെ നായർ പ്ലാൻ ചെയ്തു കഴിഞ്ഞാണ് ജയൻ അറിയുന്നത് നസീർ തന്റെ ജേഷ്ഠ സഹോദരൻ ആണെന്ന്. സാധാരണ ഏതെങ്കിലും ഒരു പാർട്ടിയിൽ പാട്ടുപാടുമ്പോഴോ ചില പഴയ സാധനങ്ങൾ കാണുമ്പോഴോ ഉറങ്ങി കിടക്കുന്ന സഹോദരന്റെ മേശപുറത്തുള്ള ഫാമിലി ഫോട്ടോ കാണുമ്പോഴോ ആയിരിക്കും സഹോദരന്മാർ പരസ്പരം തിരിച്ചറിയുന്നത്.


ഇത്രയും ഒക്കെ ആയപ്പോഴേയ്ക്കും ഒരു സിനിമ കഥയുടെ ഗുട്ടൻസ് ഒക്കെ എനിക്ക് മനസിലായി. അങ്ങനെ ഞാൻ സൂപ്പർ സ്റ്റാർ ജയനുവേണ്ടി എന്റെ ആദ്യത്തെ തിരക്കഥ എഴുതി. "കരിംപാറ"എന്നു പേരുമിട്ടു. ആ കഥ സിനിമയാക്കി അതിൽ അഭിനയിക്കാനുള്ള മഹാ ഭാഗ്യം ജയനുണ്ടായില്ല.


തോമസ് മാത്യു


ചിത്രം : നമ്മുടെ സ്വന്തം ജോഷി.

(ഓർമ്മകൾ തുടരും -3)

1 Comment


Gayathri
Sep 26, 2023

Please do write more. It is pretty much nostalgic to read about the time that we didn't know. This is kind of studying life before us. please continue writing this and let us enjoy reading your wonderful story.

Like
bottom of page