top of page

കഥാ പുസ്തകങ്ങളും സിനിമയും പിന്നെ ഞാനും ബാല്യകാല സ്മരണകൾ -004

Writer's picture: Thomas MathewThomas Mathew

Updated: Dec 4, 2023


One man is riding a helicopter while another  man hangs from it. Here the man hanging is actor Jayan, who died in an accident happened while shooting for a film

ജയനെ നായകനാക്കി ഞാനെഴുതിയ കരിംപാറ എന്ന സൂപ്പർ ഹിറ്റ്‌ സിനിമയുടെ കഥ പറയും മുൻപ്‌ ചില അവധിക്കാല വിശേഷങ്ങൾ പറയാം. വലിയ അവധി, ഓണവധി, പുജാവധി, ക്രിസ്തുമസ് അവധി ഇവയൊക്കെയാണ് ഞങ്ങൾ കാത്തിരിക്കാറുള്ള അവധികൾ.


അവധി തുടങ്ങിയാൽ ആദ്യം ചെയ്യുന്നത് അലമാരയിൽ ഭദ്രമായി വെച്ചിരിക്കുന്ന പൂമ്പാറ്റയും ബാലരമയും അമർചിത്രകഥകളും മേശപുറത്തേക്ക് മറ്റും. പിന്നെ അതിനുള്ളിൽ ആയിരിക്കും മുഴുവൻ സമയവും. ഓരോ മാസികകളും എത്ര പ്രാവശ്യം വായിച്ചാലും മടുപ്പു തോന്നുകയില്ല. ഇത്ര ശ്രദ്ധയോടെ പഠിക്കുന്ന പുസ്തകങ്ങൾ വായിച്ചാൽ ഞാൻ വലിയ ഒരു സ്ഥാനത്ത് എത്തുമെന്ന് മമ്മി കളിയായി പറയുമായിരുന്നു. പിന്നെ കപീഷിനെയും കൂട്ടുകാരെയും വരയ്ക്കുക. ആ കഥാപാത്രങ്ങളെ വെച്ചു പുതിയ കഥയുണ്ടാക്കുക. അങ്ങനെ പോകുന്നു കളികൾ. അയൽപക്കത്തുനിന്നും കുട്ടികൾ വരും. അവരും വായിക്കും. ചിലപ്പോൾ വായനക്ക് ശേഷം കഥാപാത്രങ്ങളായി ചില കളികൾ ഉണ്ടായിരുന്നു. ബാലിയും സുഗ്രീവനും കളിച്ചു കൈയുടെ കുഴ തിരിഞ്ഞു പോയതോടെ അത്തരം കളികൾക്ക് വീട്ടിൽ മമ്മി നിരോധനം ഏർപ്പെടുത്തി.


സിനിമാകാണാലും അവധിക്കാലത്തെ ഒരു പ്രധാന വിനോദമാണ്. അന്നൊക്കെ തീയേറ്ററിൽ ഹൗസ്  ഫുൾ ആണെങ്കിൽ ടിക്കറ്റിന്റെ കൂടെ കസേരയും തരും കുറഞ്ഞ ടിക്കറ്റിൽ നിന്നു വേണേലും കാണാം. അങ്ങനെ ആൾക്കൂട്ടത്തിൽ തിങ്ങി ഞെരുങ്ങി ഇരുന്നു കണ്ട സിനിമയാണ് "അങ്ങാടി".


അന്നൊക്കെ ഉടൻ വരുന്നു എന്നെഴുതി കാട്ടിയിട്ടു ഇനി വരാൻ പോകുന്ന സിനിമായുടെ ട്രയ്ലർ കാണിക്കും. എന്തിന്‌ ട്രെയ്ലർ, ന്യൂസ് റീൽ വീക്കോ വാചർഗന്ധിയുടെ പരസ്യം, പിന്നെ ഒരു വളത്തിന്റെ അനിമേഷൻ പരസ്യം ഇതൊക്കെ കാണാൻ വലിയ ഇഷ്ടമായിരുന്നു.


16 നവംബർ 1980, എനിക്കു ഒരിക്കലും മറക്കാനാവാത്ത ദിവസമാണ്. ബാലൻ കെ നായർ അതു ചെയ്തു. ജയനെ ഹെലികോപ്റ്ററിൽ നിന്നും തള്ളിയിട്ടു കോന്നു. അന്ന് ഞാൻ വെറും ഒരു അഞ്ചാം ക്ലാസ്സുകാരനായിപോയി. പത്രത്തിലൊക്കെ അപകട മരണമാണെന്നു വാർത്ത വന്നു. പക്ഷേ എനിക്കു ഉറപ്പായിരുന്നു അത്‌ ആ ദുഷ്ടന്റെ കുതന്ത്രം ആണെന്ന്. പോലീസ് ഒക്കെ അയാളുടെ ആളുകളല്ലേ. നസീർ പോലും അന്ന് എന്നെ സപ്പോർട്ട് ചെയ്തില്ല. ആകെ കൂടെ നിന്നത് എന്റെ സിനിമ കഥ കെട്ടുകൊണ്ടിരുന്ന കൂട്ടുകാർ മാത്രമാണ്.  ഞങ്ങൾ പറഞ്ഞിട്ട് ആരും അത്‌ സമ്മതിച്ചില്ല. ഞങ്ങളുടെ കൂട്ടത്തിൽ ഒരാളുടെ അച്ഛൻ പോലീസുകാരനായിരുന്നു. അച്ഛൻ പൊലീസുകാരനായിരുന്നതിനാൽ അവനെ എല്ലാവരും പോലീസ് മനോജ് എന്നാണ് വിളിച്ചിരുന്നത്. എങ്ങനെ എങ്കിലും ഈ കേസ് ഏറ്റെടുത്തു നടത്താൻ അവനെ കൊണ്ട് ഞങ്ങൾ അവന്റെ അച്ഛനോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് സമ്മതിച്ചപ്പോൾ മനസിലായി ബാലൻ കെ നായരുടെ മാസപടി പറ്റാത്ത അന്തസ്സുള്ള പൊലീസുകാരും നമ്മുടെ നാട്ടിലുണ്ടെന്നു. അന്നുമുതൽ പോലീസ് മനോജിന് ഞങ്ങളുടെ ഇടയിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. പിറ്റേന്ന് അതീവ രഹസ്യമായ ഒരു  സന്തോഷ വാർത്തയുമായാണ് മനോജ് എത്തിയത്‌.


തോമസ് മാത്യു


ചിത്രം : നമ്മുടെ സ്വന്തം ജോഷി.


സിനിമ കഥകൾ പറയുന്ന ഒരു സുഹൃത് നിങ്ങൾക്കും ഉണ്ടായിരുന്നോ?

  • ഉണ്ടായിരുന്നു

  • ഏയ് അത്തരത്തിൽ ഉള്ളവരോട് എനിക്ക് ഒരു സൗഹൃദവു ഇല്ല


コメント


bottom of page