top of page

കഥാ പുസ്തകങ്ങളും സിനിമയും പിന്നെ ഞാനും ബാല്യകാല സ്മരണകൾ -005

Writer's picture: Thomas MathewThomas Mathew

Updated: Dec 10, 2023


A portrait of Malayalam actor Jayan

"ജയൻ മരിച്ചിട്ടില്ല, ജയൻ അമേരിക്കയിൽ ഒരു രഹസ്യ സങ്കേതത്തിൽ ചികിത്സയിൽ ആണ്" ഈ രഹസ്യം ഒരു കാരണവശാലും പുറത്തറിയെരുതെന്നും പോലീസ് മനോജ് ഞങ്ങളോട് പറഞ്ഞു. എനിയ്ക്ക്പ്പോഴേ അറിയാമായിരുന്നു ജയൻ തിരിച്ചു വരുമെന്ന്. ജയനെ അങ്ങനെയൊന്നും ബാലൻ കെ നായർക്ക് കൊല്ലുവാനാകില്ലെന്നേ. നസീറിന് ഈ രഹസ്യം അറിയാവുന്നതിനാൽ ആണ് അദ്ദേഹം പ്രതികരിക്കാഞ്ഞത് എന്ന് അപ്പോളാണ് എനിക്ക് മനസ്സിലായി.


ആകാശത്ത് ഓരോ ഇരമ്പൽ കേൾക്കുമ്പോഴും ഞങ്ങൾ പ്രതീക്ഷയോടെ പറയും "ഈ വിമാനത്തിൽ ജയൻ ഉണ്ടാവുമോ ആവോ?" ദിവസങ്ങൾ പ്രതീക്ഷയോടെ കടന്നു പൊയ്ക്കോണ്ടിരുന്നു. ഇനി ജയന്റെ ട്രീറ്റ്‌മെന്റ് വിജയമാണോ എന്നു പോലും ഒരു വിവരവുമില്ല. അപ്പോഴാണ് ബസ് സ്റ്റോപ്പിലെ ബുക്ക് സ്റ്റാളിൽ ആ പുസ്‌തകം കണ്ടത്. "ജയൻ അമേരിക്കയിൽ" ദൈവമേ ആ രഹസ്യം പുറത്തായോ?


പോലീസ് മനോജ് ആകെ പരിഭ്രാന്തനായി. "ഞാൻ പറഞ്ഞതല്ലേ ആരോടും പറയെരുതെന്നു, ദൈവമേ ഇനി എന്റെ അച്ചന്റെ ജോലി പോകുമോ? ഞങ്ങൾ അടിയന്തിരമായി എല്ലാവരെയും വിളിച്ചു കുട്ടി. പോലീസ് സ്റ്റൈലിൽ തന്നെ മനോജ് എല്ലാവരെയും ചോദ്യം ചെയ്തു. എല്ലാവരും അതു ആരോടെങ്കിലുമൊക്കെ പറഞ്ഞിരുന്നു. ഞാൻ എന്റെ അനിയനോടും ആന്റിയോടും പറഞ്ഞ കാര്യം മനോജിന് കണ്ടു പിടിയ്ക്കാനായില്ല. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടലും ഒരു നിരപരാധി ശിക്ഷിക്കപ്പെടെരുതെന്നല്ലേ നമ്മുടെ നീതിപീഠത്തിന്റെ നിലപാട്. അങ്ങനെ ഞാൻ നിയമത്തിന്റെ ആനുകൂല്യത്തിൽ രക്ഷപെട്ടു. അങ്ങനെ ഞങ്ങളുടെ ആദ്യത്തെ ജയൻ ഫാൻസ് (ആൻഡ് വെൽഫയർ) ക്ലബ്ബ് മേംമ്പേഴ്‌സിന്റെ ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനങ്ങൾ മൂലം എന്നെനേയ്‌കുമായി പിരിച്ചു വിട്ടു. ഒരോരുതരും തങ്ങളുടെ തെറ്റു മനസിലാക്കി കുറ്റം സമ്മതിച്ച് മൗനമായി പിരിഞ്ഞു പോയി.


എന്തായാലും ഭാഗ്യത്തിന് മനോജിന്റെ അച്ഛന് ജോലി നഷ്ടപ്പെട്ടില്ല. കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമേരിക്കയിൽ ചികിത്സയിൽ ആയിരുന്ന ജയൻ മരിച്ചു വെന്ന് ഞങ്ങൾക്ക് രഹസ്യമായി വിവരം ലഭിച്ചു. ഈ വിവരം ഞങ്ങൾ മറ്റാരെയും അറിയിച്ചില്ല. അന്ന് ഞാനും മനോജും പള്ളിയിൽ പോയി അദ്ദേഹത്തിനായി പ്രാർത്ഥിച്ചു അന്ത്യോപഹാരമർപ്പിച്ചു.


അപ്പോഴേയ്ക്കും തിയേറ്ററുകളിലെല്ലാം ജയന്റെ അവസാനത്തെ സിനിമകൾ ഓടുകയായിരുന്നു. എല്ലാ സിനിമയും അതാണ് ജയന്റെ അവസാനത്തെ സിനിമയെന്ന് അവകാശപ്പെട്ടു. എല്ലാവരും മരിച്ച അദ്ദേഹത്തെ വിറ്റു കാശുണ്ടാക്കി. സിനിമയിലെ തന്റെ കഥാപാത്രങ്ങളെ പോലെ ജയൻ എല്ലാവരെയും പറ്റിച്ചു ഒരു ദിവസം വീണ്ടും വരും എന്ന് ഞാൻ പ്രതീക്ഷിച്ചു. ഏറെനാൾ കാത്തിരുന്നു. പലപ്പോഴും അത്തരം സ്വപ്‍നങ്ങൾ ഞാൻ കാണാറുണ്ടായിരുന്നു. കുറഞ്ഞ പക്ഷം ഒരു പ്രേതമായിട്ടെങ്കിലും പ്രതികാരത്തിനായി ജയൻ വരുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. അദ്ദേഹത്തിന്റെ "ശക്തി" എന്ന സിനിമ കണ്ടത് മുതൽ പലപ്പോഴും രാത്രിയുടെ അന്ത്യയാമങ്ങളിൽ ജയന്റെ സാനിധ്യം ഞാനറിയാറുണ്ടായിരുന്നു.


പിന്നീട് ജയന്റെ പകരക്കാരുടെ ബഹളമായിരുന്നു. ജയന് ശേഷം ആര്?



തോമസ് മാത്യു


ചിത്രം : നമ്മുടെ സ്വന്തം ജോഷി.


ജയന്റെ അവസാനത്തെ സിനിമ നിങ്ങൾ കണ്ടിട്ടുണ്ടോ?

  • ഉണ്ട്

  • ഇല്ല


Hozzászólások


bottom of page