ബാല്യകാലത്തെ കുറിച്ചു ഓർക്കുമ്പോൾ തന്നെ ചില മുഖങ്ങൾ നമ്മുടെ മനസ്സിൽ തെളിയും. എന്തിനും ഏതിനും കുടെനിന്ന ചില കൂട്ടുകാർ. കാറ്റത്ത് വീണു കിട്ടിയ മാമ്പഴവുമായി നീ വരുവോളം കാത്തുനിന്നവൻ/ൾ. ഒന്നിച്ചു സ്‌കൂളിലേക്ക് നടന്നു പോയവർ.
ഈ അനുഭവങ്ങൾ പങ്കുവെയ്ക്കുമ്പോൾ ഒരിയ്ക്കലും മറക്കാനാവാത്ത ഒരു സുഹൃത്താണ് ജോണി. എന്നെകാൾ നാലു വയസ് ഇളയവനാണവൻ. എനിക്ക് അവൻ ഒരു അനുജനും അതേ സമയം കളികൂട്ടുകാരനുമാണ്. ഞങ്ങളുടെ വീടിന്റെ മുന്നിൽ അന്ന് വിശാലമായ പാടമായിരുന്നു. എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ അവന്റെ ബന്ധു വീട് കാണാം. അവിടെ അവധിയ്ക്ക് വരുന്നതാണവൻ. വന്നാൽ ഒരു മണിക്കൂറിനുള്ളിൽ അവൻ എന്റെ അടുത്തെത്തും. പിന്നെ പലതരം കളികളായി. ചിത്രകഥകൾ വായിക്കുന്നതിനും കൂടിയാണ് അവൻ വരുന്നത്. അന്നൊക്കെ ചിത്രകഥകൾ സ്വന്തമായി ഉള്ളവർ അത്ര നിസാരൻമാരല്ലായിരുന്നു. വായിച്ചു മടുക്കുമ്പോൾ പിന്നെ ഒരു ഉഗ്രൻ പരിപാടിയുണ്ട്. അടുത്ത കാലത്തു കണ്ട സിനിമയിലെ കഥാപാത്രങ്ങളായി സ്റ്റണ്ട് കൂടുക. ചിലപ്പോൾ ഞാൻ നായകൻ അവൻ വില്ലൻ. തിരിച്ചും ഞങ്ങൾ കളിയ്ക്കും. ഡിഷും ഡിഷും എന്ന് ശബ്ദമുണ്ടാക്കിയാണ് സ്റ്റണ്ട്. ഡ്യൂപ്പില്ലാതെ ആക്ഷൻ ചെയ്യുന്നതിനാൽ പലപ്പോഴും ഞങ്ങൾക്ക് പരുക്ക് പറ്റാറുണ്ട്. ഇതൊന്നും മലയാള സിനിമ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലാന്നുമാത്രം. പിന്നീടെങ്ങാനും സമഗ്ര സംഭാവനയ്ക്കുള്ള വല്ല അവാർഡും കിട്ടിയാലോ?
മമ്മൂട്ടിയും മോഹൻലാലും മുൻനിര നായകൻ മാരായി കയറി വരുന്ന കാലം. അവൻ മമ്മൂട്ടി ഫാനും ഞാൻ മോഹൻലാൽ ഫാനും ആയിരുന്നു. "പിൻനിലാവിൽ" മമ്മൂട്ടി കസറി. "മാനേ മധുര കുഴമ്പേ ...." എല്ലാരും പാടി തിമർക്കുകയായിരുന്നു. അന്നേരമല്ലേ "പോം പോം ഈ ജീപ്പിനു മദമിളകി... പാടി ലാലേട്ടൻ നാണയത്തിൽ മമ്മൂട്ടി യെയും കൂട്ടി ഒരു വരവ് വന്നത്. അതൊരു മരണ മാസ് എന്ററി ആയിരുന്നു ബ്രോ. അന്നാദ്യമായി ലാലേട്ടൻ ഫാൻസും മമ്മൂട്ടി ഫാൻസും ഒന്നിച്ചു പാടി "പോം പോം ഈ ജീപ്പിനു മദമിളകി.
എന്റെ എല്ലാ രഹസ്യങ്ങളും ജോണിയ്ക് അറിയാമായിരുന്നു, എന്റെ എന്തു സാധനങ്ങളും എടുത്തു കളിയ്ക്കാനും ഉപയോഗിക്കാനും അവന് സ്വാതത്രമുണ്ടായിരുന്നു. യാദൃശ്ചികമായി ഞാനെഴുതിയ "കരിംപാറ"യുടെ തിരക്കഥ അവന്റെ കയ്യിൽ പെട്ടു. ഒറ്റയിരുപ്പിൽ തന്നെ അവനതു വായിച്ചു തീർത്തു. അതു വായിച്ചു കഴിഞ്ഞു അവനെന്നെ ഒരു നോട്ടം നോക്കി. അവന്റെ നോട്ടത്തിന്റെ അർത്ഥം എനിയ്ക്ക് പിടികിട്ടിയില്ല. ഞാനാകെ ചമ്മി വല്ലാതായി.
"ഈ സിനിമ, നമ്മുടെ ഈ കരിംപാറ സിനിമ ആയിരുന്നേൽ .... !"
"കൊള്ളില്ല അല്ലെ?" ഞാനൊരു വളിച്ച ചിരി ചിരിച്ചുകൊണ്ട് നിരാശയോടെ പറഞ്ഞു.
"കൊള്ളില്ലന്നോ, സൂപ്പർ അല്ലെ ഡബിൾ സൂപ്പർ, ഈ കഥ എങ്ങാനും സിനിമാക്കാർ കണ്ടിരുന്നേൽ ...."
"പോടാ കളിയാക്കാതെ" എനിയ്ക്ക് ആശ്വാസമായി.
"ആക്ഷന് ആക്ഷൻ, കരച്ചിലിന് കരച്ചിൽ, കൊള്ള യ്ക് കൊള്ള. ആ തനിയെ കടലിന്ന് പൊങ്ങി വരുന്ന ആ രഹസ്യ താവളമില്ലേ സൂപ്പർ, ഞാനിതു വരെ കണ്ടിട്ടുള്ള എല്ലാ സിനിമയും വെറുതെ ആയി. ഈ ഒറ്റ സിനിമ കണ്ടാ മതിയായിരുന്നില്ലേ"
അവനെനെ ആക്കിയതാണോ ആവോ?
"കണ്ടിട്ടുള്ള എല്ലാ സിനിമേലെയും കൊള്ളാവുന്നതെല്ലാം നൈസ് ആയിട്ടങ് അടിച്ചു മാറ്റി ല്ലേ.. " പ്ലിങ്....ഞാൻ ശശി.!!
പക്ഷേ എന്റെ കരിംപാറ.... സൂപ്പറാ.
എന്തായാലും ഇന്നുവരെ ഞാൻ എഴുതിയ തിരക്കഥകൾ ഒന്നും സിനിമയായിട്ടില്ല. എന്നു പറഞ്ഞു ഞാൻ എഴുത്തൊന്നും നിർത്തിയിട്ടില്ല കേട്ടോ. ഇപ്പോഴും എഴുതി കൊണ്ടേ ഇരിക്കുന്നു.
നിങ്ങളും എഴുതൂ.
തോമസ് മാത്യു
Comments