ഇന്നുവരെ കണ്ടിട്ടുള്ള സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ് എന്നു ചോദിച്ചാൽ ഒരു നിമിഷം ആലോചിക്കാതെ ഞാൻ പറയും "മൈ ഡിയർ കുട്ടിച്ചാത്തൻ". ഈ സിനിമയോടൊപ്പം എന്റെ സിനിമ ഓർമ്മകളിൽ ഏറ്റവും നിറമുള്ള ഓർമ്മകൾ ആണ് തച്ചോളി അമ്പു, പടയോട്ടം, പാലാട്ടു കുഞ്ഞിക്കണ്ണൻ, മാമാങ്കം തുടങ്ങിയ നവോദയ സിനിമകൾ.
ഇന്ത്യയിൽ ആദ്യത്തെ 3D വിസ്മയം മൈ ഡിയർ കുട്ടിച്ചാത്തൻ ഇറങ്ങിയ സമയം. പപ്പയുടെ കൈയിൽ പൈസയ്ക് നല്ല ബുദ്ധിമുട്ടുള്ള സമയമായിരുന്നു. എല്ലാവരും കുട്ടിച്ചാത്തൻ സിനിമയെ കുറിച്ചു വാ തോരാതെ സംസാരിയ്ക്കുന്നു. എന്റെ കഥാക്ലബ്ബ് കൂട്ടുകാർ എന്നും സ്കൂളിൽ ചെല്ലുമ്പോൾ ചോദിക്കും "കുട്ടിച്ചാത്തൻ കണ്ടോടാ..കണ്ടോടാന്ന്" ഇല്ലെന്നു പറയുമ്പോൾ അവർക്കും സങ്കടമാകും. ഞാനൊന്നു കണ്ടിരുന്നെങ്കിൽ അവർക്കു കഥയെങ്കിലും കേൾക്കാമായിരുന്നു. നല്ല മൂഡിൽ ഇരിക്കുമ്പോൾ പപ്പായോട് ഇടയ്ക്കിടെ ഞാൻ ചോദിയ്ക്കും "നമ്മൾ എന്നാ കുട്ടിച്ചാത്തൻ കാണാൻ പോകുന്നതെന്ന്" പപ്പാ മറുപടിയൊന്നും പറയില്ല. പത്രത്തിൽ എന്നും കുട്ടിച്ചാത്തൻ സിനിമയുടെ പരസ്യം ഉണ്ടാവും. കൊതിയോടെ അതും നോക്കിയിരിക്കും.
അതിനിടയിൽ പപ്പാ ഞങ്ങളറിയാതെ സൂത്രത്തിൽ എങ്ങിനെയോ സിനിമ കണ്ടു. അതുകൂടി അറിഞ്ഞപ്പോൾ എന്റെ സങ്കടം ഇരട്ടിയായി. പപ്പാ കണ്ടതിനാൽ ഇനി ഞങ്ങളെ കാണിക്കാതിരിക്കുമോ? എനിക്ക് പപ്പായെ വലിയ പേടിയായിരുന്നു. അതുകൊണ്ടു പിന്നെ ഞാൻ പപ്പയോട് ചോദിച്ചില്ല. സ്കൂളിൽ കൂട്ടുകാർ ചോദിച്ചപ്പോൾ ഞാൻ നിരാശയോടെ പറഞ്ഞു "പപ്പായുടെ കൈയിൽ പൈസയില്ല, കുട്ടിച്ചാത്തൻ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല."
അങ്ങനെ സങ്കടപെട്ടിരുന്ന ഒരു ദിവസം മമ്മി എനിക്ക് ഒരു കുടുക്ക വാങ്ങി തന്നു. ഞാനതിന് കുട്ടിച്ചാത്തൻ കുടുക്ക എന്ന് പേരിട്ടു. കിട്ടുന്ന പൈസ ഇതിലിട്ടാൽ ആവശ്യത്തിന് പൈസായാകുമ്പോൾ നമുക്ക് കുടുക്ക പൊട്ടിച്ചു കുട്ടിച്ചാത്തൻ കാണാം. എനിക്ക് വലിയ പ്രതീക്ഷയായി. കൂട്ടുകാർക്കും. ചില കൂട്ടുകാരൊക്കെ വീട്ടിൽനിന്നും ബന്ധുക്കളിൽ നിന്നും മിട്ടായി വാങ്ങാൻ കിട്ടിയ പോക്കറ്റ് മണി കുടുക്കയിലിടാൻ തന്നു. ഇടയ്ക്കു പപ്പായും എന്തെങ്കിലും കുടുക്കയിലിടും. ഞാൻ ഇടയ്ക്കിടയ്ക്ക് കുടുക്ക കുലുക്കി നോക്കും, തുക്കി നോക്കും. അങ്ങനെ കുറെ നാൾ കഴിഞ്ഞു. കുടുക്കയ്ക് അത്യാവശ്യം ഭാരമൊക്കെ ആയതുപോലെ എനിക്ക് തോന്നി. ഞാൻ കുടുക്കയുമായി പപ്പായുടെ അടുത്തുചെന്നു. " പൈസ ആയിന്നാ തോന്നുന്നെ, നമുക്ക് പൊട്ടിച്ചു കുട്ടിച്ചാത്തൻ കാണാൻ പോയാലോ?" പപ്പാ കുടുക്ക എടുത്തു നോക്കിയിട്ട് പറയും "അതിനുള്ള പൈസ ആയിട്ടില്ല.." അങ്ങനെ കുറച്ചു ദിവസം കൂടി കഴിഞ്ഞു.
കുട്ടിച്ചാത്തൻ ജോണി കണ്ടു കാണും അവൻ കോട്ടയത്തല്ലേ. ആകെ വീർപ്പുമുട്ടലായി. പള്ളിക്കൂടത്തിൽ പോകാൻ ഒന്നും ഒരുത്സാഹവുമില്ല. ആകെ വല്ലാത്ത ഒരു ശൂന്യത. അങ്ങനെയിരിക്കെ പപ്പാ മമ്മിയോട് പറയുന്നത് ഞാൻ കേട്ടു "നമുക്ക് ഈ ശനിയാഴ്ച കോട്ടയതിനു പോകാം പിള്ളേരെ കുട്ടിചാത്താനും കാണിക്കാം" എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. പിറ്റേന്ന് സ്കൂളിൽ പോകാൻ വല്ലാത്ത ഒരുത്സാഹമായിരുന്നു. കൂട്ടുകാരോട് പറഞ്ഞു. എല്ലാവർക്കും സന്തോഷമായി. ബുധനാഴ്ച ആയതേയുള്ളൂ. എന്റെ ജീവിതത്തിലെ ഏറ്റവും നീളം കൂടിയ ദിവസങ്ങൾ ആയിരുന്നു അത്. ഒരു ദിവസം 24 മണിക്കൂർ ആണെന്നും 1440 മിനിറ്റുകൾ ആണെന്നുമൊക്കെ ഞാൻ മനസിലാക്കിയത് അപ്പോളാണ്.
ഞാൻ മാത്രമല്ല എന്റെ കൂട്ടുകാരും ആവേശത്തിലായി. ഞായറാഴ്ചതന്നെ വീട്ടിൽ വരാനുള്ള ചില പദ്ധതികൾ അവർ തയാറാക്കി. 3D കണ്ണാടി പറ്റിയാൽ അടിച്ചെടുക്കാനുള്ള ചില തന്ത്രങ്ങളും ഞങ്ങൾ ചർച്ച ചെയ്തു. കണ്ണാടി ഒപ്പിക്കാൻ പറ്റിയാൽ പിന്നെ എല്ലാം 3D യിൽ കാണമെന്നായിരുന്നു ചിന്ത. എന്റെ ജീവിതത്തിൽ ഏറ്റവും സമയമെടുത്തു പ്ലാൻ ചെയ്ത മോഷണമായിരുന്നു അത്. അര കള്ളൻ മുക്കാൽ കള്ളൻ, സി ഐ ഡി നസീർ തുടങ്ങിയ സിനിമകൾ കണ്ടതൊന്നും വെറുതെയായില്ല.
അങ്ങനെ ഒരു വിധത്തിൽ വെള്ളിയാഴ്ചയായി. ഇനി ഒരു ദിവസം കൂടി. ഞാൻ സ്കൂളിൽ നിന്ന് വന്നപ്പോൾ മമ്മിയെ പുറത്തെങ്ങും കാണാനില്ല. ഇനി ഒരു ദിവസം കൂടെ അല്ലെ ഉള്ളു. തുള്ളിച്ചാടി അകത്തു ചെന്നപ്പോൾ മമ്മി കട്ടിലിൽ മൂടി പുതച്ചു കിടക്കുന്നു. പൊള്ളുന്ന പനി. എന്റെ സന്തോഷം കാറ്റു പോയ ബലൂണു പോലെ.. ഞാൻ കട്ടിലിനു താഴെ തലയ്ക്കു കൈയും വെച്ചിരുന്നു പോയി. "മമ്മിയ്ക്കു പനി വരാൻ കണ്ട ഒരു സമയം!."
തോമസ് മാത്യു
ചിത്രം : നമ്മുടെ സ്വന്തം ജോഷി.
നിങ്ങൾ മൈ ഡിയർ കുട്ടിച്ചാത്തൻ കണ്ടിട്ട് ഉണ്ടോ?
ഉണ്ട്
ഇല്ല
Comments