എന്തൊക്കെ പ്ലാൻ ചെയ്തതാണ്. എല്ലാം ഒരു നശിച്ച പനി കാരണം കൈവിട്ടു പോകുമോ? ഞാൻ മമ്മിയുടെ നെറ്റിയിൽ കൈവെച്ചു നോക്കി. നല്ലചൂടുണ്ട്. പണ്ടൊക്കെ എനിക്ക് പനി വരുമ്പോൾ മമ്മി തുണി നനച്ചു നെറ്റിയിൽ ഇടുന്നത് ഓർത്തു ഞാൻ ചോദിച്ചു " തുണി നനച്ചിടട്ടെ?"
"കോരിയ വെള്ളം തീർന്നു, ഇനി കിണറ്റിൽ നിന്ന് കോരണം."
"ഞാനിപ്പം കോരികൊണ്ടു വരാം" മമ്മി അത്ഭുതത്തോടെ എന്നെ നോക്കി. എത്ര പറഞ്ഞാലാ ഞാൻ ഒരു തൊട്ടി വെള്ളം കോരി കൊടുക്കാറുണ്ടായിരുന്നത്. ഇവനിതെന്തു പറ്റി. ഞാൻ വെള്ളം കോരികൊണ്ടു വന്നപോഴേയ്ക്കും മമ്മി എണീറ്റിരുന്നു. ഞാൻ 3 ബക്കറ്റ് വെള്ളം കോരി കൊടുത്തു. ചായ ഇടാനും കഞ്ഞി വെയ്ക്കാനും ഒക്കെ വേണ്ടതല്ലേ. ജീവിതത്തിൽ ഏറ്റവും കാര്യമായി, ആത്മാർഥമായി മമ്മിയെ നോക്കിയത്, സഹായിച്ചത് അന്നാണ്. എന്നെ കൊണ്ട് ആവും വിധത്തിലെല്ലാം അന്നു ഞാൻ മമ്മിയെ സഹായിച്ചു. ഓരോ അരമണിക്കുറിലും നെറ്റിയിൽ തൊട്ടു നോക്കും. കുറവുണ്ടോ, കുറവുണ്ടോ എന്നു ചോദിക്കും.
അന്നത്തെ കുരിശുവരയ്ക്കു ഒടുക്കത്തെ ഭക്തി ആയിരുന്നു. എൻ്റെ പാട്ടു കേട്ടാൽ പെറ്റ തള്ള സഹിയ്ക്കില്ല. എന്നിട്ടും അന്നത്തെ കുരിശു വരയ്ക് ഞാൻ രണ്ടു പാട്ട് പാടി. തുടക്കത്തിൽ "വാ വാ യേശുനാഥ...വാ വാ സ്നേഹ നാഥാ..." യും അവസാനം "എത്രയും ദയയുള്ള മാതാവേ, നിൻ സങ്കേതം തേടി വരുന്നു ഞങ്ങൾ..."
ദൈവമേ ഇത്രയുമൊക്കെയെ എന്നെക്കൊണ്ട് പറ്റൂ...
അക്കാലത്തു പപ്പായ്ക് വലിയ ജോലിത്തിരക്കായിരുന്നു. കോട്ടയം പുന്നത്തുറ ഓടുന്ന ഒരു പഴയ വണ്ടിയിലായിരുന്നു പപ്പാ. സുഭാഷ് എന്നായിരുന്നു ആ വണ്ടിയുടെ പേര്. മിക്കവാറും ഓരോ ദിവസത്തെയും ഓട്ടം കഴിയുമ്പോൾ കുറഞ്ഞത് രണ്ടു മണിക്കൂർ എങ്കിലും വർക്ക്ഷോപ്പിൽ പണിതാലേ വണ്ടി പിറ്റേന്ന് ഓടാൻ റെഡി ആവൂ. അതുകൊണ്ടു പപ്പാ വരാൻ താമസിക്കും. പപ്പാ വന്നാലേ ഞാനീ കഷ്ടപ്പെട്ടതിന് എന്തെകിലും ഫലം ഉണ്ടാകുമോ എന്നറിയാൻ പറ്റു. ആ കാലത്തു ഇന്നത്തെ പോലെയല്ല. പപ്പായുടെ തീരുമാനം അന്തിമം ആയിരിക്കും. അതിന് അപ്പീലും ഇല്ല. കിടന്നിട്ടു എനിക്ക് ഉറക്കം വരുന്നില്ല. പപ്പാ വരുന്നതും നോക്കി നോക്കി ഇരുന്നെപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.
പിറ്റേന്നത്തെ പ്രഭാതം ശരിയ്ക്കും പൊട്ടിവിരിയുകയായിരുന്നു. ഞാൻ എണീറ്റ പാടേ കണ്ണും തിരുമ്മി അടുക്കളയിൽ ചെന്നപ്പോൾ മമ്മി എന്തൊക്കെയോ ഉണ്ടാകുന്നുണ്ട്. പപ്പായും പുറത്തുണ്ട്. അപ്പോൾ പപ്പാ ഇന്നു വണ്ടിയിൽ പോകില്ലെന്ന് ഉറപ്പായി. ഞാൻ പയ്യെ മമ്മിയുടെ അടുത്തുചെന്ന് ചിണുങ്ങി കൂടി ചോദിച്ചു "പനി പോയോ?" "ങാ കുറവുണ്ടെന്ന്" മമ്മി പറഞ്ഞു. "അപ്പം നമ്മൾ കുട്ടിച്ചാത്തൻ കാണാൻ പോവല്ലേ?" ഒരു നിമിഷം എന്നെ അത്ഭുതത്തോടെ നോക്കിയിട്ട് മമ്മി പറഞ്ഞു "ഇതായിരുന്നു ഇന്നലത്തെ സ്നേഹത്തിൻ്റെ കാരണം അല്ലേ?"
ഒരുമണിയാവുമ്പോൾ ചോറുണ്ടിട്ടു പോവാം എന്നാ പപ്പാ പറഞ്ഞതു. എനിക്ക് തുള്ളി ചാടാനാണ് തോന്നിയത്.
കണ്ണാടി അടിച്ചു മാറ്റാനുള്ള ചില തയ്യാറെടുപ്പുകൾ ബാക്കിയുണ്ട്.
അത്യാവശ്യം ചെറിയ രത്നമാല, കോഹിനൂർ രത്നം, നോട്ടുകെട്ടുകൾ, സ്വർണ ബിസ്ക്കറ്റുകൾ ഇതൊക്കെ തട്ടിയെടുക്കാൻ ഉള്ള തന്ത്രങ്ങൾ കൈവശമുണ്ട്. പക്ഷെ ഇതുവരെ ഒരു കണ്ണാടി അടിച്ചു മാറ്റേണ്ട കാര്യം ജയനോ നസീറിനോ ഉണ്ടായിട്ടില്ല. കണ്ണാടിയുടെ ഫ്രെമിനുള്ളിൽ രത്നകല്ലുകൾ കടത്തുന്നതും കണ്ടിട്ടുണ്ട്. കണ്ട സിനിമകളെല്ലാം മനസിലിട്ടൊന്നു റിവൈൻഡ് ചെയ്ത് ഒരു പുതിയ പദ്ധതി തയ്യാറാക്കി.
അങ്ങനെ ആ നിമിഷമെത്തി മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന 3ഡി വിസ്മയം കാണാൻ ഇനി മണിക്കൂറുകൾ മാത്രം.
ഇപ്പോഴും സിനിമയ്ക്ക് നല്ല തിരക്കാണെന്നാണ് കേട്ടത്. ഇത്ര കഷ്ടപ്പെട്ട് ചെന്നിട്ട് ടിക്കറ്റ് കിട്ടാതെ വരുമോ ദൈവമേ!!
സൈക്കിൾ അഗർബത്തിയുടെ പരസ്യത്തിൽ പറയും പോലെ പ്രാർത്ഥിക്കുവാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാവും. ല്ലേ ?
തോമസ് മാത്യു
ചിത്രം : നമ്മുടെ സ്വന്തം ജോഷി.
(ഓർമ്മകൾ തുടരും )
എന്ത് തോന്നുന്നു കുഞ്ഞി തോമാച്ചന് മൈ ഡിയർ കുട്ടിച്ചാത്തൻ കാണാൻ കഴിഞ്ഞു കാണുമോ ?
കണ്ടിരിക്കണം
ഏയ് ടിക്കറ്റ് കിട്ടി കാണില്ല
Komentáre