മമ്മിയുടെ പനി ശരിയ്ക്കും മാറിയിട്ടില്ല. അന്നൊക്കെ സിനിമ കാണാൻ പോകുമ്പോൾ പെണ്ണുങ്ങൾ കൂടെയുള്ളത് വലിയ ഒരു സഹായമാണ്. ആണുങ്ങളുടെ ലൈനിൽ നിന്നാൽ ടിക്കറ്റ് കിട്ടിയാൽ കിട്ടി. ശനിയാഴ്ച ആയതിനാൽ നല്ല തിരക്കാണ്. ഇനി ടിക്കറ്റ് കിട്ടാതെ വരുമോ? മേലാത്തത് കൊണ്ട് ഇനി മമ്മി ലൈൻ നിക്കാതിരിക്കുമോ? അന്നാദ്യമായി ഒരു പെൺകുട്ടി ആയി ജനിക്കാഞ്ഞതിൽ എനിക്ക് ദുഃഖം തോന്നി. ഇതിന് മുൻപ് ഒരിക്കലും ഞാനിത്രയും ടെൻഷന് എടുത്തിട്ടില്ല. എന്തായാലും മമ്മി തന്നെ ടിക്കറ്റിന് ലൈൻ നിന്നു. കുറേ പേരൊക്കെ ടിക്കറ്റ് എടുത്തു തരാമോ ചേച്ചി എന്നൊക്കെ പറഞ്ഞു മമ്മിയെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ചു. ഒടുവിൽ ടിക്കറ്റ് കിട്ടി തീയേറ്ററിൽ കയറി കണ്ണാടിയും വെച്ചുള്ള എൻ്റെ ഇരിപ്പുകണ്ടാൽ പ്രസിഡന്റിന്റെ കയ്യിൽ നിന്നും അവാർഡ് കിട്ടിയവനെ പോലെ യുണ്ടായിരുന്നു.
ആദ്യം കണ്ണാടി വെക്കേണ്ടതെങ്ങിനെ ആണെന്നൊക്കെ പറഞ്ഞൊരു ഇൻസ്ട്രക്ഷൻ വീഡിയോ ആയിരുന്നു. അതു കഴിഞ്ഞു സിനിമ തുടങ്ങി.
പിന്നെയൊരു മായലോകമായിരുന്നു. വിസ്മയങ്ങളുടെ വിസ്മയം. ആലുംമുടന്റെ നിധി വേട്ടയിൽ തുടങ്ങി വിസ്മയങ്ങളുടെ പരമ്പര ആയിരുന്നു. കുട്ടിച്ചാത്തൻ പാമ്പായി തൊട്ടടുത്തു വന്നപ്പോൾ എല്ലാരും പേടിച്ചു. ഡ്രൈവറില്ലതോടുന്ന സൈക്കിൾ റിക്ഷ. എന്തു രസമാണ് കുട്ടിച്ചാത്തനെ പോലെ ഒരു കൂട്ടുകാരാനുണ്ടെങ്കിൽ. ഞാനും അവരോടൊപ്പം ആടി പാടി "ആലിപ്പഴം പെറുക്കാൻ പീലി കുട നിവർത്തി....." എനിക്കും വേണം ഇതു പോലൊരു കുട്ടിച്ചാത്തൻ കൂട്ടുകാരൻ.
വീടിന്റെ പിന്നിലെ പള്ള ചെടികൾക്കിടയിലെവിടെയോ എന്നെ കാത്തു ഒരു മാന്ത്രിക തകിട് മറഞ്ഞു കിടപ്പുണ്ടാവും എന്നെനിക്കു തോന്നി. ഒടുവിൽ ആ ദുഷ്ടൻ മന്ത്രവാദി കുട്ടിച്ചാത്തനെയും കൊണ്ടു പോയപ്പോൾ ഞാനും കുട്ടികളോടൊപ്പം കരയാൻ തുടങ്ങി. കരഞ്ഞു എങ്ങലടിച്ചു കണ്ണു കാണാൻ മേലാതായി. അങ്ങനെ എല്ലാവരെയും വല്ലാത്ത വിഷമത്തിലാക്കി കുട്ടിച്ചാത്തൻ കൂട്ടുകാരെ തനിച്ചാക്കി പറന്നു പോയി. സിനിമ കഴിഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണിൽ നനവ്. മമ്മിയും കരഞ്ഞു. സിനിമ കഴിഞ്ഞിറങ്ങി വന്നപ്പോൾ തന്നെ കുട്ടിച്ചാത്തനെ തിരിച്ചു കൊണ്ടുവരണം എന്ന് ഞാൻ തീരുമാനിച്ചു. കൂട്ടുകാരോട് ഇങ്ങനെ കഥ പറഞ്ഞവസാനിപ്പിക്കില്ല എന്നും ഉറപ്പിച്ചു.
സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും ഞാൻ അതിനിടയിൽ പ്ലാൻ ചെയ്തത് പോലെ കണ്ണാടി അടിച്ചെടുത്തു. ഷിജിമോൻ പള്ളി പെരുന്നാളിന് വാങ്ങിയ കറുത്ത കണ്ണാടിയായിരുന്നു ഞാൻ തിരിച്ചു കൊടുത്തത്. പകരം കുട്ടിച്ചാത്തൻ 3ഡി കണ്ണാടി എൻ്റെ കൈയിലായി.
കോട്ടയം അഭിലാഷ് തിയേറ്ററിന്റെ തൊട്ടടുത്തു തന്നെയാണ് KSRTC ബസ് സ്റ്റാൻഡ്. ഞങ്ങൾ എല്ലാവരും ബസ്സിൽ കയറി വണ്ടി സ്റ്റാൻഡ് വിടുന്നത് വരെ എനിക്ക് ഉള്ളിൽ വലിയ പേടിയായിരുന്നു. തൊണ്ടി മുതൽ കൈയ്യിലിരിയ്ക്കുകയല്ലേ. കാരിത്താസ് എത്തിയപ്പോൾ അവിടെനിന്നും രണ്ടു പോലീസ്കാർ വണ്ടിയിൽ കയറി. ഒരാൾ എൻ്റെ മുന്നിലെ സീറ്റിലും മറ്റെയാൾ പിന്നിലെ സീറ്റിലും വന്നിരുന്നു. എനിക്ക് പേടിയായി, എന്നെ ആകെ വിറയ്കാനും തുടങ്ങി. അപ്പോൾ തോന്നിയ ബുദ്ധിയിൽ ഞാൻ പപ്പായെ ചാരി മയങ്ങി കിടക്കുന്നതായി അഭിനയിച്ചു. കണ്ണുകൾ മെല്ലെ തുറന്നു പോലീസ്കാരെ നോക്കും. പിന്നെയും കണ്ണടച്ചു കിടക്കും. അങ്ങനെ ചാരികിടന്നു ഞാൻ ശരിക്കും അങ്ങു മയങ്ങി പോയി.
തോമസ് മാത്യു
ചിത്രം : നമ്മുടെ സ്വന്തം ജോഷി.
(ഓർമ്മകൾ തുടരും )
Comments