
പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ വന്നു വീണു.
"എണിക്കെടാ... ഡാ എണിക്കെടാ"
"ഐയ്യോ ഞാനൊന്നും എടുത്തിട്ടില്ലേ..." ഞാൻ ഞെട്ടി എണീറ്റു നിലവിളിച്ചു. കണ്ണു തുറന്നു നോക്കിയപ്പോൾ ഞങ്ങൾക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് ആയി. പപ്പാ വിളിച്ചതായിരുന്നു. പോലീസുകാർ അതിനുമുന്പുതന്നെ എവിടെയോ ഇറങ്ങി പോയിരുന്നു.
ഞാൻ വീണ്ടും കുട്ടിച്ചാത്തൻ ഓർമകളിലേക്ക് തിരിച്ചു പോയി. സിനിമയുടെ അവസാനം ഓർക്കുമ്പോൾ ഇപ്പോളും എന്റെ കണ്ണുകൾ നിറയും. കുട്ടിച്ചാത്തനെ തിരിച്ചു കൊണ്ടു വരണം. അങ്ങനെ ഞാൻ എന്റെ രണ്ടാമത്തെ സിനിമാക്കഥ എഴുതി തുടങ്ങി "മാന്ത്രിക ചെപ്പ്" എന്നായിരുന്നു അതിന് പേരിട്ടത്.
ഞായറാഴ്ച ഉച്ച ആയപ്പോഴേയ്ക്കും എന്റെ കഥ കേൾക്കാൻ കൂട്ടുകാർ വന്നു. ഞങ്ങളുടെ വീടിനു താഴെ ഒരു ചെറിയ ഇല്ലിക്കാടും കുളവും ഒരു മണൽതിട്ടയും ഉണ്ട്. അവിടെ ഇരുന്നാണ് ഇന്ത്യയിലെ ആദ്യത്തെ 3ഡി കഥ പറച്ചിൽ നടന്നത്. ഫുൾ 3ഡി എഫക്ടിൽ ആയിരുന്നു കഥ പറച്ചിൽ. പേടിച്ച്, പൊട്ടിച്ചിരിച്, വിസ്മയിച്ചു സങ്കടപ്പെട്ടു, ആവേശത്തോടെ അവരെ ഞാനെന്റെ സ്വപ്ന ലോകത്താക്കി. കഥ തീർന്നപ്പോൾ എല്ലാവർക്കും സങ്കടമായി. ആ സങ്കടം കണ്ടപ്പോൾ തന്നെ അവരെ ആശ്വസിപ്പിയ്കാനായി ഞാൻ കുട്ടിച്ചാത്തൻ രണ്ടാം ഭാഗം ആധികാരികമായി പ്രഖ്യാപിച്ചു.
കുട്ടിച്ചാത്തൻ മാന്ത്രിക ചെപ്പിലൂടെ തിരിച്ചു വരുന്ന കഥയുടെ ഏകദേശ രൂപം പറഞ്ഞപ്പോൾ എല്ലാവർക്കും വീണ്ടും ആവേശമായി.
പിന്നെ എല്ലാവരും 3ഡി ഗ്ലാസ് വെച്ചു നോക്കി. ഷിജിമോൻ 3ഡി ഗ്ലാസ് വാങ്ങി അവന്റെ പോക്കറ്റിൽ ഇട്ടു. "എന്റെ കണ്ണാടി കൊടുത്തതിന് പകരമല്ലേ ഇത് കിട്ടിയത്, ഇതെന്റെ ആണ്. അല്ലേൽ എന്റെ പഴയ കണ്ണാടി തിരിച്ചു തന്നേയ്ക്ക്."
അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ചതി. ഷിജിമോന്റെ മുഖം മാറുന്നത് ഞാൻ കണ്ടു. മൂർഖൻ സിനിമയിലെ ബാലൻ കെ നായറിനെ പോലെ അവൻ അട്ടഹസിച്ചു പൊട്ടിച്ചിരിയ്ക്കുന്നത് പോലെ എനിക്ക് തോന്നി. സിനിമയിൽ നിന്നും അന്നാദ്യമായി എന്റെ ജീവിതത്തിലേയ്ക്കും ചതിയന്മാർ ഇറങ്ങി വന്നു.
ബാക്കിയുള്ള കൂട്ടുകാർക്കും ഈ ചതി സഹിയ്ക്കാൻ പറ്റുന്നതായിരുന്നില്ല. അവർ അവനെ കൈകാര്യം ചെയ്യാൻ തയ്യാറായി. പക്ഷെ ഞാൻ സമ്മതിച്ചില്ല. കണ്ണാടി നഷ്ടപെട്ടതിനേകൾ എന്നെ വേദനിപ്പിച്ചത് കൂടെ നിന്നവന്റെ ചതിയായിരുന്നു. "അവൻ പോകട്ടെ" ഞാൻ പറഞ്ഞു. പിന്നീട് ഒരിക്കലും ഷിജിമോൻ എന്ന വ്യക്തിയ്ക്ക് എന്റെ ജീവിതത്തിൽ ഒരു റോളും ഇല്ലായിരുന്നു.
പിന്നീടും ഇതു പോലെ കുറെയേറെ ഷിജിമോൻ "മാർ" ജീവിതത്തിൽ പ്രത്യക്ഷപ്പെട്ടു. അപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു. "ഓം ഹ്രീം കുട്ടിച്ചാത്താ "
തോമസ് മാത്യു
ചിത്രം : നമ്മുടെ സ്വന്തം ജോഷി.
(ഓർമ്മകൾ തുടരും )
コメント