
റേഡിയോ കേൾക്കാനായി നടത്തിയ പരീക്ഷണങ്ങൾ പലതാണ്. പഴയകാല ലാൻഡ്‌ലൈൻ ടെലിഫോണിൻ്റെ ഇയർ പീസിൽ ഒരു ഡയോട് ചേർത്ത് വെച്ചു തെങ്ങിൻ മുകൾ വരെ ഏരിയൽ വലിച്ചു കെട്ടി ചെവിയിൽ ചേർത്തു വെച്ചാൽ ചെറുതായി റേഡിയോ കേൾക്കാം. അയൽ പക്കത്തുള്ള രമേഷ് ആണെന്നെ ഈ വിദ്യ പഠിപ്പിച്ചതും അത് ഉണ്ടാക്കാൻ സഹായിച്ചതും. ഈ സംഭവം എപ്പോഴും വർക്ക് ചെയ്യില്ല.
അമ്മവീട്ടിലും നീറിക്കാട്ടെ വീട്ടിലും (എൻ്റെ കുട്ടിക്കാലത്തു അമ്മവീട് പോലെ തന്നെ ഒത്തിരി ഓർമകൾ ഈ വീട്ടിലും ഉണ്ട്, അവ അവസരം പോലെ പങ്കുവെയ്കാം) അന്നും റേഡിയോ ഉണ്ടായിരുന്നു. വാർത്തയൊന്നും കേൾക്കാൻ എനിക്കിഷ്ടമില്ലായിരുന്നു. രഞ്ജിനി, നിങ്ങളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ തുടങ്ങിയവ നല്ല രസമുള്ള പരിപാടികളായിരുന്നു. ശരിയ്ക്കും ഈ പാട്ടൊക്കെ ആരെങ്കിലും ആവശ്യപ്പെട്ടിട്ടു തന്നെയാണോ അവർ പ്ലേ ചെയ്യുന്നത് എന്നു എനിയ്ക്കു അന്നും ഇന്നും സംശയം ആയിരുന്നു.
"കണ്ടതും കേട്ടതും" ഞായറാഴ്ച കളിലെ നാടകം, സിനിമ ശബ്ദരേഖ ഇതൊക്കെ വളരെ പ്രിയപ്പെട്ടതായിരുന്നു. ഇന്നത്തെ സീരിയൽ പോലെ തുടർ നാടകങ്ങളും ഉണ്ടായിരുന്നു.
പപ്പാ വാങ്ങിയത് ഫിലിപ്സ് കമ്പനി യുടെ ബാറ്ററി ഇടുന്ന ഒരു റേഡിയോ ആണ്. അമ്മവിട്ടിലെ റേഡിയോ മർഫി എന്ന കമ്പനിയുടെ റേഡിയോ ആണ്. ഒരു കൊച്ചു കുട്ടിയുടെ ചിത്രമായിരുന്നു മർഫിയുടെ ലോഗോ. അതെനിക്ക് വലിയ ഇഷ്ടമായിരുന്നു. എന്തായാലും വലിയ സന്തോഷമായി. റേഡിയോ വെച്ചിരിക്കുന്നത് അടുക്കളയിലാണ്. അതു രാവിലെ ഒരു 11 മണി വരെ വടക്കോട്ടും രാത്രി 9 മണിവരെ തെക്കോട്ടും തിരിച്ചു വെച്ചിരിയ്കും.
വൈകുന്നേരം പണിയൊക്കെ തിർത്തിട്ടു കുറെ നേരം ചുറ്റുമുള്ള ചേച്ചിമാർ വരും റേഡിയോ കേൾക്കാൻ. റേഡിയോ കേട്ടുകൊണ്ട് അവർ എന്തെങ്കിലും ഒക്കെ പണി ചെയ്ത് മമ്മിയെ അടുക്കളയിൽ സഹായിക്കും. അതോടൊപ്പം നാട്ടിലെ റേഡിയോയിൽ വരാത്ത എല്ലാ വാർത്തകളും അവർ പരസ്പരം പങ്കുവെയ്ക്കും
അന്നൊക്കെ ചായ കടകളിൽ ചായയും കടിയും പോലെ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നായിരുന്നു റേഡിയോ. രാവിലെ കട തുറക്കുമ്പോൾ മുതൽ അടയ്ക്കുമ്പോൾ വരെ റേഡിയോ മിണ്ടികൊണ്ടേയിരിക്കും.
അന്നൊക്കെ ആളുകൾ തമ്മിൽ പരസ്പരം വലിയ സഹകരണം ആയിരുന്നു. അയൽ പക്കത്തുള്ള ആരുടെ വീട്ടിലും എന്തെങ്കിലും പ്രത്യേകമായി ഉണ്ടാക്കിയാൽ അതു പങ്കുവെക്കുമായിരുന്നു.
ജനപ്രിയ മാസികകളായ മംഗളം മനോരമ, മനോരാജ്യം, സഖി, ജനനി, ചെമ്പകം, പോലുള്ള പ്രസിദ്ധീകരണങ്ങളുടെ സുവർണകാല മായിരുന്നു. റേഡിയോ കേൾക്കാനായി വരുമ്പോൾ ഈ മാസികകൾ പരസ്പരം കൈമാറി കൂടുതൽ നോവലുകൾ വായിക്കാൻ ഒരു അയൽക്കൂട്ടം വായനശാലയും രഹസ്യമായി പ്രവർത്തനം ആരംഭിച്ചു.
പൈങ്കിളി വാരികയിലെ കഥകൾ വളരെ ഗൗരവത്തിൽ ഇവർ മമ്മിയുമായി ചർച്ച ചെയ്യുമ്പോൾ ഞാൻ ഇതെല്ലാം തൊട്ടടുത്ത് സംഭവിച്ച ഏതോ കാര്യമാണെന്ന് കരുതി ശ്രദ്ധയോടെ കേൾക്കുമായിരുന്നു.
ഈ കഥകൾ അവർ കൊണ്ടു വരുന്ന മാസികകൾക്കുള്ളിലുള്ളതാണെന്നറിഞ്ഞപ്പോൾ അതൊക്കെ വായിക്കാൻ എനിക്ക് വലിയ കൊതി തോന്നി. പക്ഷേ ആ മാസികകൾ വായിക്കാൻ എനിക്ക് പ്രായമായില്ല എന്നു പറഞ്ഞു അവർ എനിക്ക് തന്നില്ല. ഒളിച്ചും പാത്തും പലപ്പോഴും ഞാൻ ആ മാസികകൾ വായിക്കാൻ ശ്രമിക്കുകയും അത് കണ്ട് ചേച്ചിമാർ വഴക്കു പറയുകയും ചെയ്തു.
എന്തുകാര്യം പറഞ്ഞാലും ഒരു കാര്യം അന്നെനിക്ക് മനസ്സിലായി "ചെയ്യരുത് എന്നു പറയുന്ന കാര്യങ്ങൾ ചെയ്യാൻ ഒരു വല്ലാത്ത ആഗ്രഹം നമ്മുടെ മനസ്സിൽ കടന്നു കൂടും."
അങ്ങനെ ആരും അറിയാതെ സ്വന്തമായി ഒരു മാസിക വാങ്ങാൻ ഞാൻ തീരുമാനിച്ചു. അതിനായി ഒരുഗ്രൻ പദ്ധതി തന്നെ തയ്യാറാക്കി.
തോമസ് മാത്യു
ചിത്രം : നമ്മുടെ സ്വന്തം ജോഷി.
(ഓർമ്മകൾ തുടരും )
Opmerkingen