വീട്ടിൽ നിന്നും അത്യാവശ്യം പലചരക്കു സാധനങ്ങൾ വാങ്ങുന്നത് എൻ്റെ ജോലിയായിരുന്നു. അടുത്ത ദിവസം മുതൽ അവശ്യ സാധനങ്ങളുടെ വിലയിൽ ഒരല്പം വർധനയുണ്ടാക്കാൻ ഞാൻ നിർബന്ധിതനായി. പഞ്ചസാരയ്ക്കും, അരിക്കും, കടുകിനും എന്തിന് പശുവിൻ്റെ പിണ്ണാക്കിന് വരെ അഞ്ചു പൈസ വില കൂടി. അങ്ങനെ ഞാൻ രണ്ടാഴ്ച്ച കൊണ്ട് ഒരു രൂപ അമ്പത് പൈസ അടിച്ചു മാറ്റി.
ബസ് സ്റ്റോപ്പിലുള്ള കടയിൽ ചെന്നു
"ഒരു മാസിക തരൂ" വലിയ ഗമയിൽ തന്നെ കടക്കാരനോട് പറഞ്ഞു. അയാൾ ഒരു ചെറിയ മാസിക എടുത്തു തന്നു. എനിക്ക് പ്രായമാകത്തതിനാൽ ആയിരിക്കും ഇത്തിരി ചെറിയ മാസിക തന്നതെന്ന് കരുതി ഞാനത് എടുത്ത് ആരും കാണാതെ വേഗം സ്കൂൾ സഞ്ചിയിൽ വെച്ചു. വിലയായി അയാൾ ഒരു രൂപ അമ്പത് പൈസയും വാങ്ങി. ഞാൻ വലിയ ഒരു കാര്യം നേടിയത് പോലെ വീട്ടിലേയ്ക്ക് ഓടി. ഇനി ഇത് ആരും കാണാതെ ഒന്നു വായിക്കണം. ഹൃദയം ശക്തമായി മിടിക്കാൻ തുടങ്ങി. വിലക്കപ്പെട്ട കാര്യമാണ് ചെയ്യാൻ പോകുന്നത്. ഞാൻ മുറിയിൽ കയറി മാസിക ഷർട്ടിനുള്ളിൽ തിരുകി ബാത്റൂമിലേക്ക് കയറി. അകത്തു കയറി മാസിക കൈയിലെടുത്തു തലക്കെട്ട് വായിച്ചു. "പൂമ്പാറ്റ"
പേജുകൾ മറിയും തോറും ഇഷ്ടം കൂടി കൂടി വന്നു. പിന്നെ ചിരിയായി, പൊട്ടിച്ചിരിയായി. അര മണിക്കൂർ കൊണ്ട് മുഴുവൻ വായിച്ചു പുറത്തിറങ്ങി.
അന്ന് അസ്ഥിയിൽ പിടിച്ച ഇഷ്ടം ഇന്നും അങ്ങനെ തന്നെ നിൽക്കുന്നു എന്നതാണ് സത്യം.
ഇത് കുട്ടികൾക്കുള്ളത് തന്നെ. പക്ഷേ പിന്നീട് അമ്മാവന്മാരും വീട്ടിൽ വരുന്ന എല്ലാവരും ആസ്വാദിച്ചു വായിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി പൂമ്പാറ്റ എല്ലാവർക്കും ഉള്ളതാണെന്ന്.
പടം വരയ്ക്കാൻ പഠിപ്പിച്ചതും, നിറം കൊടുക്കാൻ പഠിപ്പിച്ചതും ഒക്കെ രമേഷ് ആണ്. ആനയെ വരച്ചു ഞാൻ കുറെ സമ്മാനങ്ങളും വാങ്ങിയിട്ടുണ്ട്.
രമേശിന്റെ ചേച്ചി രമണിചേച്ചിയായിരുന്നു കുഞ്ഞായിരുന്നപ്പോൾ കഥയൊക്കെ പറഞ്ഞു അമ്മികല്ലിൽ കയറ്റി ഇരുത്തി എനിയ്ക്ക് ചോറു വാരി തന്നിരുന്നത്. രമണി ചേച്ചി എനിയ്ക്ക് തച്ചോളി ഒതേനന്റെയും കള്ളിയംകാട്ടു നീലി യുടെയും ഒക്കെ കഥ പറഞ്ഞു തരും. ചേച്ചിയ്ക് സിനിമ കാണാനൊക്കെ വലിയ ഇഷ്ടമായിരുന്നു. ഇപ്പോഴൊക്കെ ഒ. എൻ. വി. യുടെ കുഞ്ഞേടുത്തി എന്ന കവിത കേൾകുമ്പോളെല്ലാം എനിയ്ക്കു രമണി ചേച്ചിയെ ഓർമവരും. ചേച്ചി അമ്പലത്തിൽ പോകുമ്പോൾ എന്നെയും കൊണ്ടുപോകും. എനിയ്ക്കു നിറയെ സംശയങ്ങളാണ്. കണ്ണിൽ കാണുന്നതൊക്കെ എന്താണെന്ന് ഞാൻ ചോദിക്കും. ചേച്ചിയൊക്കെ സിനിമയ്ക്കു പോകുമ്പോൾ എന്നെയും കൊണ്ടുപോകുമായിരുന്നു.
അന്നൊരു ദിവസം ചേച്ചി വന്നത് വലിയ സന്തോഷത്തോടെ ആയിരുന്നു. മുല്ലപൂവോക്കെ ചൂടി, സുന്ദരിയായി. മമ്മി ചേച്ചിയെ കണ്ടപ്പോൾ സന്തോഷത്തോടെ ചോദിച്ചു " അവർ വന്നിട്ടെന്തായി?" ചേച്ചി നാണിച്ചു മുഖം കുനിച്ചു. അന്ന് ചോറു വാരി തന്നപ്പോൾ പറഞ്ഞു "ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു, ഇനി കുറച്ചു നാൾ കഴിയുമ്പോൾ ചേച്ചി ഭർത്താവിന്റെ വീട്ടിൽ പോകും, അപ്പോൾ ജികുട്ടൻ എന്തു ചെയ്യും? എന്നെ മറന്നു പോകുമോ?".
എനിയ്ക്കു വലിയ സങ്കടമായി. "ചേച്ചി പോവേണ്ട, ആരാ എന്നോട് കഥ പറയുക? ആരാ എനിക്ക് ചോറു വാരി തരിക?, ഞാൻ വലുതാവുമ്പോൾ ചേച്ചിയെ കെട്ടിക്കോളാം."
അങ്ങനെ ആറാം വയസിൽ തന്നെ ഞാനെൻ്റെ കല്യാണവും തീരുമാനിച്ചു. രമണി ചേച്ചിപകർന്നു തന്ന വാത്സല്യം അത്രമേൽ വിലപ്പെട്ടതായിരുന്നു. ശരിക്കും ചേച്ചി എന്നെ ഇട്ടിട്ടു പോകില്ല എന്നാണ് ഞാൻ വിചാരിച്ചത്. പിന്നെ കൂടെ അമ്പലത്തിലൊക്കെ പോകുമ്പോൾ രമണി ചേച്ചി യുടെ കൂട്ടുകാരികൾ എന്നെ നോക്കി കളിയാക്കി പറയും "പെട്ടന്ന് വലുതായിക്കോ അല്ലേ ചേച്ചിയേ വല്ലോരും കെട്ടികൊണ്ടു പോകും "
"പിന്നെ അതിന് ഞാൻ സമ്മതിക്കെണ്ടേ!!!"
തോമസ് മാത്യു
ചിത്രം : നമ്മുടെ സ്വന്തം ജോഷി.
(ഓർമ്മകൾ തുടരും )
Comments